വീഡിയോയില്‍, നീല വസ്ത്രം ധരിച്ച ഒരു സ്ത്രീ ഒരു കേക്കില്‍ മെഴുതിരികള്‍ വെയ്ക്കുന്നത് കാണാം. എന്നാല്‍ തിരക്കേറിയ റെസ്‌റ്റോറന്റിലെ ആരും തന്നെ അവരെ ശ്രദ്ധിക്കുന്നില്ല. ഇവരുടെ പുറകില്‍ ഇരിക്കുന്ന രണ്ട് സ്ത്രീകള്‍ക്ക് ജീവനക്കാര്‍ ഭക്ഷണം വിളമ്പുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. പെട്ടെന്നാണ് വയോധിക കേക്കില്‍ മെഴുകുതിരി വെയ്ക്കുന്നത് ഇവരില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടത്.
വൃദ്ധ കേക്ക് മുറിച്ച് കൈയടിക്കാന്‍ തുടങ്ങിയപ്പോള്‍, ആ സ്ത്രീ അവരെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് മറ്റ് മൂന്ന് പേര്‍ കൈകൊട്ടി ജന്മദിന ഗാനം പാടി വയോധികയുടെ അരികിലേക്ക് വന്നത്. ഇതുകണ്ട് പുറകില്‍ ഇരുന്ന രണ്ടു സ്ത്രീകളും എഴുന്നേറ്റു അവരോടൊപ്പം ചേര്‍ന്നു. എല്ലാവരുടെയും സാന്നിധ്യം വയോധികയെ സന്തോഷിപ്പിച്ചു. അവര്‍ എല്ലാവരോടും പുഞ്ചിരിച്ചു. എന്നാല്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍ മറ്റുള്ളവരുടെ ഈ കൂടിച്ചേരല്‍ അവർക്ക് എത്രത്തോളം ആവശ്യമായിരുന്നുവെന്ന് അവരുടെ പുഞ്ചിരിയില്‍ നിന്ന് തിരിച്ചറിയാം. 3 മില്യണിലധികം പേരാണ് ഈ വീഡിയോ കണ്ടത്.
advertisement
കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ തനിച്ച് ജന്മദിനം ആഘോഷിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ വൈറലായിരുന്നു. ഒരു റെസ്‌റ്റോറന്റില്‍ വെച്ചായിരുന്നു ആഘോഷം. എന്നാല്‍ തനിച്ചായതിന്റെ വിഷമം അടക്കിപ്പിടിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. അവര്‍ സങ്കടത്തോടെ തല കുനിച്ചുകൊണ്ട് കൈയടിച്ചു. പെട്ടെന്നാണ് മറ്റൊരു കൈയടി അവര്‍ കേട്ടത്. തല ഉയര്‍ത്തി നോക്കിയപ്പോള്‍ റെസ്‌റ്റോറന്റിലെ ഒരു വനിതാ ജീവനക്കാരിയാണ് തനിക്കു വേണ്ടി കൈയടിക്കുന്നത്.
പെട്ടെന്ന്, അവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാരും ആളുകളും കൈ കൊട്ടി അവളോടൊപ്പം ചേര്‍ന്നു. ഇതുകണ്ട വികാരാധീനയായ ആ സ്ത്രീ കരയാന്‍ തുടങ്ങി. അപ്പോള്‍ ഒരു ജീവനക്കാരന്‍ അവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. അവര്‍ പുഞ്ചിരിച്ചു. തുടര്‍ന്ന് മറ്റ് ജീവനക്കാരും അവരെ ആശ്വസിപ്പിക്കാന്‍ മുന്നോട്ട് വന്നു. 3.2 മില്യണ്‍ പേരാണ് ഈ വീഡിയോ കണ്ടത്. ജീവനക്കാരുടെ നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് ആളുകള്‍ കമന്റ് ചെയ്തിരുന്നു.
ലോക്ക്ഡൗണ്‍ സമയത്ത് ജന്മദിനം ആഘോഷിക്കുന്ന ഒരു യുവാവിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടിക് ടോക്കിലായിരുന്നു വീഡിയോ പങ്കുവെച്ചത്. മാസ്‌ക് ധരിച്ച യുവാവിനെ വീഡിയോയില്‍ കാണാം. പശ്ചാത്തലത്തില്‍ ഹാപ്പി ബര്‍ത്ത്‌ഡേ പാടുന്നതും കേള്‍ക്കാം. മെഴുകുതിരികള്‍ ഊതാനായി ഇയാള്‍ ഹെയര്‍ഡ്രൈയറാണ് ഉപയോഗിച്ചത്.