ഒരു സഹപ്രവര്‍ത്തക ഭര്‍ത്താവിനെ 'ബേബി' എന്ന് വിളിച്ചതിനെച്ചൊല്ലിയാണ് ദമ്പതികള്‍ വഴക്കിടുന്നത്. ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് നാടകീയമായ സംഭവം നടക്കുന്നത്. യുവതി തന്റെ ഭര്‍ത്താവിനെ പരസ്യമായി ഉറക്കെ വെല്ലുവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇത് അയാളെ അസ്വസ്ഥനാക്കുന്നുണ്ട്. തൊട്ടടുത്തുള്ള കെട്ടിടത്തില്‍ താമസിക്കുന്ന അയല്‍ക്കാരനാണ് ഇവര്‍ തമ്മില്‍ വഴക്കിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
യുവതി വഴക്കിടുമ്പോള്‍ രംഗം ശാന്തമാക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ യുവതി ഉറക്കെ അയാള്‍ക്കുനേരെ ആക്രോശിക്കുകയാണ്. ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകയുടെ വാക്കുകളില്‍ യുവതി ദേഷ്യവും വിയോജിപ്പും പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, ശാന്തമായി സംസാരിക്കാന്‍ അദ്ദേഹം അവരോട് പറയുന്നു. "ഓഫീസില്‍ ആളുകള്‍ എല്ലാവരെയും 'ബേബി' എന്നാണ് വിളിക്കുന്നത് അല്ലെ? ഇത് എല്ലാവരും കേള്‍ക്കണം. നീ എന്നെ വഞ്ചിച്ചു", യുവതി അയാളോട് പറഞ്ഞു.
advertisement
തന്റെ മറ്റ് സഹപ്രവര്‍ത്തകരെയും ഈ സഹപ്രവര്‍ത്തക 'ബേബി' എന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് അയാള്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യുവതി അതൊന്നും ചെവികൊള്ളുന്നില്ല. അവള്‍ എല്ലാവരെയും 'ബേബി' എന്നാണോ വിളിക്കുന്നതെന്നും ഉറപ്പാണോ എന്നും യുവതി അയാളോട് ചോദിക്കുന്നുണ്ട്. രംഗങ്ങള്‍ സൃഷ്ടിക്കുന്നത് നിര്‍ത്താന്‍ അയാള്‍ പറഞ്ഞെങ്കിലും യുവതി വീണ്ടും ദേഷ്യപ്പെടുകയാണ്.
വീഡിയോയുടെ അവസാനം ഒരു തലയണയും ചെറിയ മെത്തയും അയാള്‍ക്ക് നേരെ എറിഞ്ഞുകൊടുത്ത് അവിടുന്ന് പോകാനും യുവതി ഭര്‍ത്താവിനോട് പറയുന്നുണ്ട്. "പോകൂ. എന്റെ മുന്നിൽ നിന്ന് പോകൂ. ഇന്ന് രാത്രി നിന്നെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല", അവര്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം രണ്ട് വസ്തുക്കളും എടുത്ത് മറ്റൊരു വഴിക്ക് പോയി.
ഓണ്‍ലൈനില്‍ വീഡിയോയ്ക്ക് താഴെ ധാരാളം പ്രതികരണങ്ങള്‍ വന്നു. പലരും ആ യുവതിയോട് അനുകമ്പ പ്രകടിപ്പിച്ചു. അവരുടെ ദേഷ്യവും ശബ്ദത്തിലെ വേദനയും തനിക്ക് മനസ്സിലാകുമെന്ന് ഒരാള്‍ കുറിച്ചു. ഭര്‍ത്താവ് വഞ്ചിച്ചപ്പോള്‍ അവരെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അവരുടെ ദേഷ്യം ന്യായമാണെന്നും മറ്റൊരാള്‍ കുറിച്ചു. മറ്റൊരാള്‍ ഈ പ്രശ്‌നത്തിന് കാരണക്കാരിയായ സഹപ്രവര്‍ത്തകയെ വിമര്‍ശിച്ചുകൊണ്ട് പ്രതികരിച്ചു. അവര്‍ എന്ത് തരം മനുഷ്യയാണ്, എല്ലാവരെയും 'ബേബി' എന്നാണോ വിളിക്കുന്നത്, അവര്‍ ഓഫീസിലെ എല്ലാവരുടെയും അമ്മയാണോ? തുടങ്ങിയ കമന്റുകളാണ് ഒരാള്‍ പങ്കുവെച്ചത്. സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്നത് വരെ ഇത്തരം കാര്യങ്ങള്‍ കാണുന്നവര്‍ക്ക് വെറും താമശ മാത്രമായിരിക്കുമെന്നായിരുന്നു ഒരാളുടെ പ്രതികരണം. വിശ്വാസവഞ്ചന വളരെ വേദനാജനകമാണെന്ന് മറ്റൊരാള്‍ എഴുതി.
ആ സഹപ്രവര്‍ത്തക ഓഫീസില്‍ എല്ലാവരെയും 'ബേബി' എന്നാണ് വിളിക്കുന്നതെങ്കില്‍ തന്നെ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞ് പരിധി നിശ്ചയിക്കാനുള്ള ഉത്തരവാദിത്തം അയാള്‍ക്കുണ്ടെന്നാണ് മറ്റൊരു കമന്റ്. അയാളുടെ ഭാര്യ അയാളെ സ്‌നേഹിക്കുന്നുണ്ടെന്നും, സ്‌നേഹത്തിന്റെ അവസാന ഭാഷയാണ് ആ തലയണയും മെത്തയുമെന്നും അയാള്‍ കുറിച്ചു.