അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പലവഴിക്ക് നടക്കുന്നുണ്ട്. ഇതിനിടെ അന്യഗ്രഹ ജീവികളെ സ്വാഗതം ചെയ്ത് കൊണ്ട് ഒരു വാസസ്ഥലം തന്നെ പണി കഴിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ സൗത്ത് കരോളിന സ്വദേശിയായ ജോഡി പെൻഡാർവിസ്. 1994ലാണ് അന്യഗ്രഹ ജീവികളെ സ്വാഗതം ചെയ്ത് കൊണ്ട് ഇയാൾ വാസസ്ഥലം നിർമ്മിച്ചത്.
2021 ആഗസ്ത് 23ന് ഒരു ട്വിറ്റർ യൂസർ ഈ സ്ഥലത്തിൻെറ ചിത്രം പങ്കുവെച്ചിരുന്നു. “ഇലോൺ മസ്കിന് മുമ്പ് ജോഡി പെൻഡാർവിസ് എന്നൊരു വില്ലാളിവീരൻ സൗത്ത് കരോളിനയിലുണ്ട്. അന്യഗ്രഹ ജീവികൾക്കായി യുഎഫ്ഒ വെൽക്കം സെൻറർ എന്ന ഒരു കേന്ദ്രം തന്നെ നിർമ്മിച്ചിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴും അത് നിലനിൽക്കുന്നുണ്ട്,” ഇങ്ങനെയൊരു ക്യാപ്ഷനുമായാണ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്.
advertisement
യുഎഫ്ഒ വെൽക്കം സെൻറർ എന്നൊരു ബോർഡും ഈ സ്ഥലത്തിന് മുന്നിലായി വെച്ചിട്ടുണ്ട്. അന്യഗ്രഹ ജീവികൾക്കായി പാർക്കിങ് സ്ഥലവും ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാത്തരം സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിൻെറ ചിത്രങ്ങളെല്ലാം നേരത്തെ തന്നെ വൈറലായിരുന്നു.
ഈ കേന്ദ്രത്തെക്കുറിച്ചും അതിൻെറ സൗകര്യങ്ങളെക്കുറിച്ചും ജോഡി പെൻഡാർവിസ് വിശദീകരിക്കുന്ന ഒരു വീഡിയോയും ട്വീറ്റിൻെറ കമൻറ് ബോക്സിൽ യൂസർ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോയിൽ മൊത്തം സ്ഥലത്തെയും പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സ്പേസ്ഷിപ്പ് എന്നാണ് അദ്ദേഹം ഈ സ്ഥലത്തെ വിളിക്കുന്നത്. മാധ്യമപ്രവർത്തകർക്ക് കൂടുതൽ വിശദാംശങ്ങളും ജോഡി നൽകുന്നുണ്ട്.
പരീക്ഷണത്തിനായുള്ള ഒരു എൻജിൻ മുറിയും ഈ കേന്ദ്രത്തിനുള്ളിൽ പണി കഴിപ്പിച്ചിട്ടുണ്ട്. എഞ്ചിൻ എത്താത്തതിനാൽ അത് സ്റ്റോർ റൂമായാണ് ഉപയോഗിക്കുന്നതെന്ന് ജോഡി പറഞ്ഞു. ഇതൊരു കപ്പലാണെന്നും അതിൻെറ കപ്പിത്താനാണ് താനെന്നും ജോഡി അവകാശപ്പെടുന്നുണ്ട്.
Also read : ഇങ്ങനെയാണെങ്കിൽ ട്വിറ്ററുമായുള്ള ഇടപാട് വേണ്ടെന്ന് വെക്കും; മുന്നറിയിപ്പുമായി ഇലോൺ മസ്ക്
അന്യഗ്രഹ ജീവികളും താനും തമ്മിലുള്ള സംഭാഷണങ്ങൾ തങ്ങൾക്കിടയിലുള്ള രഹസ്യം മാത്രമായി നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കൺട്രോൾ റൂമും ഈ കേന്ദ്രത്തിൽ ജോഡി നിർമ്മിച്ചിട്ടുണ്ട്. അതിനുള്ളിൽ എന്തെല്ലാം സൗകര്യങ്ങളുണ്ടെന്നും അത് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം വിശദീകരിക്കുന്നുമുണ്ട്.
ബഹിരാകാശത്തേക്ക് മനുഷ്യർ വിനോദയാത്രകൾ നടത്തുന്ന കാലമാണിത്. അതിനിടയിലാണ് വർഷങ്ങൾക്ക് മുമ്പ് തന്നെ ഒരാൾ അന്യഗ്രഹ ജീവികൾക്കായി ഒരു കേന്ദ്രം പണികഴിപ്പിച്ചത്. ബഹിരാകാശ യാത്രികർക്കായി സ്പേസ് എക്സ് എന്ന സ്ഥാപനം നടത്തുന്ന ലോകത്തിലെ ഏറ്റവും സമ്പന്നൻമാരിൽ ഒരാളായ ഇലോൺ മസ്കിനെ പലരും ഈ ട്വീറ്റിന് താഴെ ടാഗ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അന്യഗ്രഹ ജീവികൾക്കായി സ്വന്തമായി വാസസ്ഥലം പണികഴിപ്പിച്ചയാളെ മസ്കിന് പരിചയപ്പെടുത്താനാണ് ട്വിറ്റർ ലോകത്തിൻെറ ശ്രമം.