മുംബൈയിലെ തിരക്കേറിയ തെരുവുകളിലും ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലും ആസാദ് മൈതാനത്തിനു സമീപവും യാചിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈനീട്ടി നില്‍ക്കുന്ന ഒരു യാചകനെ കാണാം. ഭരത് ജയിന്‍, ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍. ഒരാള്‍ പണിയെടുത്ത് നേടുന്നതിലും കൂടുതലാണ് ഇയാള്‍ ഭിക്ഷാടനത്തിലൂടെ സമ്പാദിക്കുന്നത്. സ്ഥിരം ജോലിയുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ സ്വന്തം പേരില്‍ സ്വത്തുക്കള്‍ പോലും ഉണ്ട്. സ്ഥിര വരുമാനമുള്ള ജോലിക്കാര്‍ സമ്പാദിക്കുന്നതിലും അധികം ഇയാള്‍ ഭിക്ഷാടനത്തിലൂടെ സമ്പാദിക്കുന്നു.
സമ്പത്തില്‍ നിന്ന് വളര്‍ന്നുവന്നയാളല്ല ഭരത് ജയിന്‍. സാമ്പത്തികമായി വളരെ കഷ്ടപ്പാട് നേരിട്ട കുടുംബമാണ് ഇദ്ദേഹത്തിന്റേത്. ഭക്ഷണത്തിനും പാര്‍പ്പിടത്തിനും തന്നെ വകയുണ്ടായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭരത് സ്‌കൂളിലും പോയിട്ടില്ല. എന്നാല്‍, കാലക്രമേണ അദ്ദേഹം തന്റെ ജീവിതം തന്നെ ഭിക്ഷാടനത്തിലൂടെ മാറ്റിമറിച്ചു. ഇന്ന് നിരവധി പ്രോപ്പര്‍ട്ടികളും സാധാരണ തൊഴിലാളികളേക്കാള്‍ ഉയര്‍ന്ന വരുമാനവും അടക്കം 7.5 കോടി രൂപയുടെ ആസ്തി അദ്ദേഹത്തിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
advertisement
കഴിഞ്ഞ 40 വര്‍ഷമായി ഭരത് പ്രധാനമായും പണം സമ്പാദിച്ചത് ഭിക്ഷാടനത്തിലൂടെയാണ്. ഭിക്ഷ യാചിക്കാന്‍ നില്‍ക്കുന്ന സ്ഥലത്തെയും ആളുകള്‍ എത്ര ഉദാരമതികളാകുന്നു എന്നതും അനുസരിച്ച് ദിവസം 2,000-2,500 രൂപ വരെ ഭരത് യാചിച്ച് നേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 10-12 മണിക്കൂര്‍ ദിവസവും ഇയാള്‍ ജോലി ചെയ്യുന്നു. മാസം 60,000 രൂപ മുതല്‍ 75,000 രൂപ വരെ സമ്പാദിക്കുന്നു.
ഭിക്ഷാടനത്തിനു പുറമേ പണം കൈകാര്യം ചെയ്യുന്നതിലും ഭരത് ബുദ്ധിപൂര്‍വ്വം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. മുംബൈയില്‍ 1.4 കോടി രൂപ വിലവരുന്ന രണ്ട് ഫ്ളാറ്റുകളും അദ്ദേഹത്തിനുണ്ട്. ഇവിടെയാണ് ഭരത് ഭാര്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കും അച്ഛനും സഹോദരനുമൊപ്പം താമസിക്കുന്നത്. താനെയില്‍ രണ്ട് കടകളും അദ്ദേഹത്തിനുണ്ട്. 30,000 രൂപയാണ് പ്രതിമാസം വാടകയിനത്തില്‍ ഇവിടെ നിന്നും ലഭിക്കുന്നത്. ബുദ്ധിപരമായ സാമ്പത്തിക, നിക്ഷേപ ആസൂത്രണത്തിലൂടെ ഭരത് തന്റെ കുടുംബത്തെ പരിപാലിക്കുകയും ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്നു.
അദ്ദേഹത്തിന്റെ മക്കള്‍ പ്രശസ്തമായ ഒരു കോണ്‍വെന്റ് സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ കുടുംബ ബിസിനസില്‍ സഹായിക്കുകയാണ്. ഒരു സ്‌റ്റേഷനറി സ്‌റ്റോറും ഇവര്‍ക്കുണ്ട്. ഇത് കുടുംബത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു. ഭരത് സാമ്പത്തികമായി സുരക്ഷിതനാണെങ്കിലും യാചകനായി അദ്ദേഹം തുടരുന്നതിനോട് കുടുംബത്തിന് വിയോജിപ്പുണ്ട്. കുടുംബം ഇക്കാര്യത്തെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നില്ല. പക്ഷേ, ഇതില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ഭരത്. തനിക്ക് ഭീക്ഷാടനം ഇഷ്ടമാണെന്നും ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
തനിക്ക് അത്യാഗ്രഹമില്ലെന്നും താന്‍ ഉദാരമതിയാണെന്നും ഭരത് ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും പണം ദാനം ചെയ്യാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇത് ഭരതിന്റെ മാത്രം കഥയല്ല. 1.5 കോടി രൂപ ആസ്തിയുള്ള സാംബാജി കലെ, 1 കോടി രൂപ ആസ്തിയുള്ള ലക്ഷ്മി ദാസ് തുടങ്ങിയവരും ഭിക്ഷാടനത്തിലൂടെ സമ്പത്തുണ്ടാക്കിയവരാണ്. ഇന്ത്യയിലെ ഭിക്ഷാടന വ്യവസായം അത്ര വലുതാണ്. രാജ്യത്തെ ഭിക്ഷാടന വ്യവസായത്തിന് ഏകദേശം 1.5 ലക്ഷം കോടി രൂപ മൂല്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്.