ഗിന്നസ് വേൾഡ് റെക്കോർഡ്സ് (Guinness World Records) പ്രകാരം, അമേരിക്കൻ സ്വദേശികളായ ഹെർബർട്ട് ഫിഷറും സെൽമൈറ ഫിഷറുമാണ് ഈ അപൂർവ റെക്കോർഡിന് ഉടമകൾ. 1924 ലാണ് ഇരുവരും വിവാഹിതരാവുന്നത്. പിന്നീട് ഒരുമിച്ചുള്ള ജീവിതം തുടർന്നു കൊണ്ടിരിക്ക വെ 2011 ഫെബ്രുവരിയിൽ ഹെർബർട്ട് ഫിഷർ മരിച്ചു. അപ്പോഴേക്കും ഒന്നിച്ചുള്ള അവരുടെ ജീവിതം 86 വർഷവും 290 ദിവസവും പിന്നിട്ടിരുന്നു.
യുഎസിലെ നോർത്ത് കരോലിനയിൽ ഉറ്റ സുഹൃത്തുക്കളായാണ് ഇരുവരും വളർന്നത്. ഹെർബർട്ടിനും സെൽമൈറയ്ക്കും യഥാക്രമം 18 ഉം 16 ഉം വയസ് പ്രായമായപ്പോൾ ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചു. രണ്ടാം ലോകമഹായുദ്ധം മുതൽ പൗരാവകാശ പ്രസ്ഥാനം വരെ, നീണ്ട ദാമ്പത്യ ജീവിതത്തിൽ അവർ നിരവധി മഹത്തായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അവരുടെ അതുല്യമായ സ്നേഹബന്ധത്തെ 2010ൽ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബരാക് ഒബാമ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
advertisement
അതേസമയം, യുഎസിൽ നിന്നുള്ള മറ്റൊരു ദമ്പതികളായ യൂജിൻ ഗ്ലാഡുവും ഡൊളോറസ് ഗ്ലാഡുവും 1940 മെയ് 25 ന് വിവാഹിതരായ ശേഷം ഇന്നും ആ ദാമ്പത്യബന്ധം തുടരുന്നു. 81 വർഷവും 57 ദിവസവും ഒരുമിച്ച് ജീവിച്ച ശേഷം 2021 ജൂലൈയിൽ ഇരുവരും ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. റിപ്പോർട്ടുകൾ അനുസരിച്ച് ഇപ്പോൾ ഒരു അസിസ്റ്റഡ് ലിവിംഗ് ഫെസിലിറ്റിയിലാണ് അവർ കഴിയുന്നത്.
ഇക്വഡോറിൽ നിന്നുള്ള 110കാരൻ ജൂലിയോ സീസർ മോറ ടാപിയയും 105 കാരിയായ വാൽഡ്രമിന മക്ലോവിയ ക്വിന്ററോസ് റെയസും 79 വർഷം വിവാഹിതരായി തുടരുന്ന, ഏറ്റവും പ്രായം കൂടിയ വ്യക്തികളാണ്. 1934 ൽ ജൂലിയോ വാൽഡ്രമോണയുമായി പ്രണയത്തിലാവുകയും 1941 ൽ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് പ്രായം ഒരു പ്രശ്നമേയല്ലെന്ന് തെളിയിച്ചുകൊണ്ട് മറ്റൊരു ദമ്പതികൾ 27 വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി. ജോർജ് കിർബി, ഡോറീൻ ലക്കി എന്നീ ദമ്പതികൾ യഥാക്രമം 103 ഉം 91 ഉം വയസ് പ്രായമായപ്പോഴാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്.