യൂട്യബിൽ വിജയ് മാധവ് ഹെയർട്രാൻസ്പ്ലാന്റേഷൻ വീഡിയോ പങ്കുവച്ചിരുന്നു. ഇതോടെ നിരവധി പേർ സനിലിന്റെ അനുഭവം കമന്റിലൂടെ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് വിജയ് മാധവ് ഇൻസ്റ്റഗ്രാമിലൂടെ നൽകിയത്. 12 വർഷം മുന്നെയാണ് താൻ ഹെയർ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ച് ചിന്തിച്ചതെന്നും എന്നാൽ ഇപ്പോഴാണ് നടന്നതെന്നും വിജയ് മാധവ് പറഞ്ഞിരുന്നു.
താൻ പാട്ടു പാടിയാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തതെന്നും നല്ല ഡോക്ടറും നല്ല ക്ലിനിക്കും ആണെങ്കിൽ ഇങ്ങനെ പാട്ടും പാടിയും സർജറി ചെയ്യാമെന്നും വിജയ് പറയുന്നു. സനിലിന് ഉണ്ടായ ദുരവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ എന്നും വിജയ് പറഞ്ഞിരുന്നു.
advertisement
പാട്ടും പാടി ചെയ്ത എന്റെ സർജറിയാണ്. നല്ല ഡോക്ടറും നല്ല ക്ലിനിക്കുമാണെങ്കിൽ ഇങ്ങനെ പാട്ടും പാടി സർജറി ചെയ്യാം. ഞാൻ വീഡിയോ ഇട്ടതോടെ ഒരുപാട് പേർ ഇന്നലെ സനിൽ എന്ന സഹോദരന്റെ വീഡിയോ എനിക്ക് അയച്ചു തന്നിരുന്നു. ഇപ്പോഴും വരുന്നുണ്ട്. ആ വീഡിയോ നേരത്തെ കണ്ടിരുന്നെങ്കിൽ, ചിലപ്പോൾ ഈ ജന്മത്തിൽ ഞാൻ ട്രാൻസ്പ്ലാന്റ് ചെയ്യില്ലായിരുന്നു എന്നാണ് വിജയ് മാധവ് പറയുന്നത്.
ഞാൻ ചെയ്തു കഴിഞ്ഞത് കൊണ്ടും നല്ല രീതിയിൽ ഇപ്പോൾ ഇരിക്കുന്നതു കൊണ്ടും മാത്രമാണ് ഈ വീഡിയോ ഇട്ടത്. അദ്ദേഹത്തിന് ഉണ്ടായ ദുരവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ, എല്ലാവരും ശ്രദ്ധിക്കണമെന്നുമാണ് വിജയ് മാധവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
എളമക്കര സ്വദേശിയായ സനിലിന് (49) ആണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തതിനെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടത്. തലയിൽ അണുബാധയേറ്റ സനിൽ നിലവിൽ ചികിത്സയിലാണ്. ഇതിനോടകം ഒട്ടേറെ ശസ്ത്രക്രിയകൾ സനിലിന് ചെയ്യേണ്ടി വന്നു.പനമ്പിള്ളി നഗറിൽ പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കിൽ ഫെബ്രുവരി 26,27 തീയതികളിലാണ് മുടിവച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ മാർച്ച് ആദ്യ വാരം മുതൽ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടു തുടങ്ങി. വൈകാതെ അസഹനീയ തലവേദന തുടങ്ങിയതോടെ സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടു. എന്നാൽ, വേദന സംഹാരി ഗുളികകൾ കഴിയ്ക്കാനുള്ള നിർദേശം മാത്രമാണ് ലഭിച്ചത്.