ചിലര്‍ ഈ ദിവസത്തെയും മറ്റ് ദിവസങ്ങളെ പോലെയാണ് കാണുന്നത്. എന്നാല്‍ ചിലര്‍ 13-നെ ശാപം പിടിച്ച തീയതിയായി കണ്ട് ഈ ദിവസം പ്രധാന പദ്ധതികളെല്ലാം ഒഴിവാക്കുന്നു. പ്രപഞ്ചം നല്‍കുന്ന മുന്നറിയിപ്പായാണ് വിശ്വാസികള്‍ ഈ ദിവസത്തെ കാണുന്നത്. മാത്രമല്ല ഈ പ്രത്യേക ദിവസം കറുത്ത പൂച്ചകളെ കാണുന്നത് ഒഴിവാക്കുകയും കാലകാലങ്ങളായി നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്ക് പുറകെ പോകുകയും ചെയ്യുന്നു.
എന്നാല്‍ ഈ വിശ്വാസം എവിടെ നിന്നാണ് ഉത്ഭവിച്ചത്? ഒരു സംഖ്യയും ദിവസവും ഒരുമിച്ച് വരുമ്പോള്‍ ഇത്തരത്തില്‍ പ്രതീകാത്മകമായി ആളുകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്തിനാണ്?. പുരാതന കാലംമുതലുള്ള അന്ധവിശ്വാസങ്ങളുടെയും സാംസ്‌കാരിക വ്യാഖ്യാനങ്ങളുടെയും ആധുനിക പ്രേത സിനിമകളുടെ സ്വാധീനത്തിന്റെയും സമ്മിശ്രമാണ് ഇതിനുള്ള ഉത്തരം.
advertisement
പതിമൂന്നാം തീയതി വെള്ളിയാഴ്ചയെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങള്‍ ഒരൊറ്റ ഉത്ഭവ കഥയില്‍ നിന്ന് ഉരുത്തിരിഞ്ഞതല്ല. പല പാശ്ചാത്യ സംസ്‌കാരങ്ങളിലും 13 എന്ന സംഖ്യ വളരെക്കാലമായി നിര്‍ഭാഗ്യമായാണ് കാണുന്നത്. കാരണം 12-ന്റെ പൂര്‍ണ്ണതയെ തടസ്സപ്പെടുത്തുന്നത് കൊണ്ടാണിത്. ഒരു വര്‍ഷത്തില്‍ 12 മാസം, 12 രാശി ചിഹ്നങ്ങള്‍, 12 അപ്പോസ്തലന്മാര്‍ എന്നിങ്ങനെയാണ്. യേശുവിന്റെ അന്ത്യ അത്താഴവുമായി ഈ വിശ്വാസത്തിന് ബന്ധമുണ്ട്. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഇസ്‌കറിയോട്ട് 13-ാമത്തെ ശിഷ്യനായിരുന്നു. മാത്രമല്ല അന്ത്യ അത്താഴത്തില്‍ 13-ാമത്തെ അതിഥിയായിരുന്നു യൂദാസ്. അതുകൊണ്ടുതന്നെ 13ഉം വെള്ളിയാഴ്ചയും ദുർഭാഗ്യമായിരിക്കുമെന്ന വിശ്വാസം അന്ത്യ അത്താഴത്തിന്റെ കഥയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.
എന്നാല്‍, വ്യാഴാഴ്ചയാണ് അത്താഴ വിരുന്ന് നടന്നതെങ്കിലും യേശു ക്രൂശിക്കപ്പെട്ടത് ഒരു വെള്ളിയാഴ്ചയാണ്. എന്നാല്‍, വിരമിച്ച നരവംശശാസ്ത്ര പ്രൊഫസറായ ഡോ. ഫില്‍ സ്റ്റീവന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ യേശു കുരിശിലേറ്റപ്പെട്ടത് ഒരു വെള്ളിയാഴ്ചയാണെന്ന് ബൈബിളില്‍ തന്നെ സ്ഥിരീകരിക്കുന്നില്ല.
എന്നാല്‍ മറുവശത്ത് വെള്ളിയാഴ്ചയെ നിര്‍ഭാഗ്യവുമായി ബന്ധപ്പെടുത്തുന്ന നിരവധി ബൈബിള്‍ വിവരണങ്ങളുണ്ട്. ആദാമിന്റെയും ഹൗവ്വയുടെയും മകനായ കയീന്‍ സഹോദരൻ ഏബലിനെ കൊലപ്പെടുത്തിയത്, മഹാ പ്രളയം തുടങ്ങിയ സംഭവങ്ങളുമായും ഈ വിശ്വാസം ബന്ധപ്പെട്ടിരിക്കുന്നു. 'ഫ്രൈഡേ ദി 13' എന്ന പേരില്‍ 1980 പുറത്തിറങ്ങിയ ഹൊറര്‍, ക്രൈം ചിത്രവും ഡാന്‍ ബ്രൗണിന്റെ 2003-ല്‍ ഇറങ്ങിയ ഡാവിഞ്ചി കോഡ് പോലുള്ള പാശ്ചാത്യ കൃതികളും ഈ ഭയത്തെയും വിശ്വാസത്തെയും കൂടുതല്‍ ഊട്ടിഉറപ്പിച്ചു.
റോമന്‍ സംസ്‌കാരത്തില്‍ 13-നെ നിര്‍ഭാഗ്യമായാണ് കാണുന്നത്. മന്ത്രവാദിനികള്‍ 12 ഗ്രൂപ്പുകളായി ഒത്തുകൂടുന്നുവെന്നാണ് റോമാക്കാര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് 13-നെ പിശാചായി കാണുന്നു. എന്നാല്‍, ഇതെല്ലാം കെട്ടുക്കഥകളും അന്ധവിശ്വാസങ്ങളുമാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തിലെ സംഭവങ്ങളിലും 13 വെള്ളിയാഴ്ച ദിവസം അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളാണ് നല്‍കിയിട്ടുള്ളത്. വിമാന ദുരന്തങ്ങള്‍, ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ഹിമപാതത്തെ തുടര്‍ന്നുണ്ടായ മരണങ്ങള്‍ എന്നിവ വെള്ളിയാഴ്ച 13-ാം തീയതിയിലെ ദൗര്‍ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
എന്നാല്‍, വെള്ളിയാഴ്ച 13-ാം തീയതി മോശം ദിവസമാണെന്നതിനെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ആളുകള്‍ ഇപ്പോഴും ശാപം പിടിച്ച പാപത്തിന്റെ ദിനമായി ഈ പ്രത്യേക ദിവസത്തെ വിശ്വസിക്കുന്നു. ജീവിതത്തിലെ പ്രധാന തീരുമാനങ്ങളിലും പരിപാടികളിലും ഈ ദിവസം തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുന്നു. ഇങ്ങനെ ചെയ്യുന്നത് അനാവശ്യമായി അപകടം ക്ഷണിച്ചുവരുത്തുന്നത് ഒഴിവാക്കുമെന്നാണ് പലരുടെയും വിശ്വാസം. ചിലര്‍ ഈ ദിവസങ്ങളില്‍ ജോലിക്ക് പോകാതിരിക്കുകയും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്നു. ചിലര്‍ കറുത്ത പൂച്ചകളെ കാണുന്നതടക്കം ഒഴിവാക്കി കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നു.