1937ലാണ് മേരി ക്യൂറി അന്തരിച്ചത്. അമിതമായി റേഡിയേഷന്‍ വികിരണങ്ങള്‍ ഏറ്റത് മൂലമുള്ള അപൂര്‍വ രോഗമായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ചാണ് അവര്‍ മരിച്ചത്. പരീക്ഷണങ്ങൾ നടത്തുന്ന സമയത്ത് ഇക്കാര്യത്തെക്കുറിച്ച് മേരിക്കും ഭര്‍ത്താവ് പിയറിക്കും അറിവില്ലായിരുന്നു. അതുകൊണ്ടുതന്നെ ശരീരത്തിന് സംരക്ഷണം നല്‍കുന്ന യാതൊരുവിധ സംവിധാനങ്ങളും ഉപയോഗിക്കാതെയാണ് അവര്‍ ഈ മൂലകങ്ങളുമായി അടുത്ത് പ്രവര്‍ത്തിച്ചത്. അവർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പോക്കറ്റിനുള്ളില്‍ പോലും പൊളോണിയവും റേഡിയവും സൂക്ഷിച്ച കുപ്പികള്‍ വെച്ചിരുന്നു.
ഇത്തരം റേഡിയോ വികിരണങ്ങള്‍ ഏല്‍ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് അക്കാലത്ത് വിശ്വസിച്ചിരുന്നത്. ഉറക്കമില്ലായ്മ പരിഹരിക്കുന്നത് ബാത്ത് സാള്‍ട്ടുകളിലും റേഡിയം ചേര്‍ത്ത് നല്‍കിയിരുന്നു. കൂടാതെ, മുന്നറിയിപ്പുകളൊന്നും കൊടുക്കാതെ എനര്‍ജി ഡ്രിങ്കുകളിലും ഇവ ചേര്‍ത്ത് വിറ്റിരുന്നു.
advertisement
മേരി ക്യൂറി ഉപയോഗിച്ചിരുന്ന പല വസ്തുക്കളും അവരുടെ ശാസ്ത്രീയ പ്രബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പാരീസിലെ ബിബ്ലിയോതെക് നാഷണല്‍ ഡി ഫ്രാന്‍സില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് പിയറി ആന്‍ഡ് മേരി ക്യൂറി ശേഖരം കാണാനും കഴിയും. എന്നാല്‍, എന്തെങ്കിലും കഷ്ടനഷ്ടങ്ങളുണ്ടായാല്‍ സ്വയം വഹിച്ചോളാം എന്ന് ഒപ്പിട്ടു നല്‍കേണ്ടതുണ്ട്. കൂടാതെ ഈ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് റേഡിയോ വികിരണങ്ങളെ തടയുന്ന പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. കാരണം, ഈ വസ്തുക്കള്‍ ഇപ്പോഴും റേഡിയോ ആക്ടീവായി തുടരുകയാണ്. ഏകദേശം 1500 വര്‍ഷത്തേക്ക് ഇവ അപകടകരമായി തുടരുന്ന സാഹചര്യത്തില്‍ റെഡ്-ലൈന്‍ ചെയ്ത ബോക്‌സുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
മേരി ക്യൂറിയെ രണ്ടുതവണ സംസ്‌കരിച്ചത് എന്തുകൊണ്ട്?
മേരിയെയും ഭര്‍ത്താവ് പിയറി ക്യൂറിയെയും ആദ്യം പാരീസിലെ സ്‌ക്യൂക്‌സ് സെമിത്തേരിയിലാണ് സംസ്‌കരിച്ചിരുന്നത്. എന്നാല്‍ 1995ല്‍ അവരുടെ മൃതദേഹ അവശിഷ്ടങ്ങൾ ഫ്രാന്‍സിലെ പ്രശസ്തമായ കല്ലറയായ പാന്തിയോണിലേക്ക് മാറ്റി. അപ്പോഴും അവരുടെ മൃതദേഹ ഭാഗങ്ങള്‍ ലെഡില്‍ (ഈയം) നിര്‍മിച്ച പെട്ടികളിലാണ് സൂക്ഷിച്ചിരുന്നത്. അവര്‍ ജീവിച്ചിരുന്നപ്പോള്‍ കൈകാര്യം ചെയ്തിരുന്ന റേഡിയം 226ല്‍ നിന്ന് സംരക്ഷണം ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.
റേഡിയം-226 റേഡിയത്തിന്റെ ഏറ്റവും സ്ഥിരമായ ഐസോടോപ്പാണ്. ഇത് വളരെ അപകടകരമായ ഒരു വസ്തുവാണ്. നൂറുകണക്കിന് വര്‍ഷത്തോളം ഇത് അങ്ങനെ തന്നെ തുടരും. അത് അവരുടെ കല്ലറയെ എന്നന്നേക്കും ഒരു റേഡിയോ ആക്ടീവ് കേന്ദ്രമാക്കി നിലനിര്‍ത്തും. ഇവിടേക്ക് വരുന്നവര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു.
പാരീസിലെ തെക്കന്‍ പ്രാന്ത പ്രദേശമായ ആര്‍ക്യൂയിലില്‍ സ്ഥിതി ചെയ്യുന്ന മേരി ക്യൂറിയുടെ പഴയ ഗവേഷണ ലാബോറട്ടി ഇപ്പോഴും ആശങ്കാ കേന്ദ്രമാണ്. 1978ല്‍ ഈ ലാബ് അടച്ചുപൂട്ടിയെങ്കിലും അതില്‍ ഇപ്പോഴും അപകടകരമായ അളവില്‍ റേഡിയോ ആക്ടിവിറ്റി ഉണ്ടെന്നാണ് കരുതുന്നത്. കൂടാതെ ഇത് 'സെയിനിലെ ചെര്‍ണോബില്‍' എന്നും അറിയപ്പെടുന്നുണ്ട്.
മുള്ളുവേലികളും നിരീക്ഷണ കാമറകളും ഉപയോഗിച്ച് ഇവിടേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. റേഡിയോ വികിരണങ്ങളേറ്റുള്ള മലിനീകരണം പരിശോധിക്കാന്‍ പ്രാദേശിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സമീപത്തുള്ള നദി പതിവായി നിരീക്ഷിച്ചുവരികയാണ്. 1992ല്‍ ഈ പ്രദേശം വൃത്തിയാക്കാനുള്ള നടപടി ആരംഭിച്ചു. എന്നാല്‍, ഇത് ഇപ്പോഴും തുടരുകയാണ്. ഇതുവരെ ഇതിനായി 10 മില്ല്യണ്‍ യൂറോ(ഏകദേശം 102.16 കോടി രൂപ) ചെലവായിട്ടുണ്ട്.
വിപ്ലവകരമായ ശാസ്ത്ര നേട്ടങ്ങള്‍ പോലും അപ്രതീക്ഷിതമായ അപകടസാധ്യത ഉയര്‍ത്തുന്നതായി മേരി ക്യൂറിയുടെ ജീവിതം ഓര്‍മിപ്പിക്കുന്നു.
മേരി ക്യൂറിയെക്കുറിച്ച് മേയ് 11ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ നിരവധി ഉപയോക്താക്കളെയാണ് ആകര്‍ഷിച്ചത്. എക്കാലത്തെയും മികച്ച വനിതാ രസതന്ത്രജ്ഞ എന്നാണ് ഒരു ഉപയോക്താവ് അവരെ വിളിച്ചത്.