രാജസ്ഥാനിലെ അത്താന സ്വദേശിയാണ് കെകെ. 2019-ൽ ബാരണ്‍ ജില്ലയിലെ ആന്റ പട്ടണത്തില്‍ നിന്നും അദ്ദേഹം വിവാഹം കഴിച്ചു. തേനീച്ച വളര്‍ത്തലായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഒരു സാധാരണ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞത് 2022-ല്‍ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയതോടെയാണ്. പിന്നാലെ സെക്ഷന്‍ 498എ വകുപ്പ് പ്രകാരം സ്ത്രീധന പീഡനത്തിനും സെക്ഷന്‍ 125 പ്രകാരം നഷ്ടപരിഹാരത്തിനും ഭാര്യ അദ്ദേഹത്തിനെതിരെ കേസ് കൊടുത്തു. ഇതോടെ കെകെയുടെ ലോകം തലകീഴായി മറിഞ്ഞു.
advertisement
ഭാര്യയുമായുള്ള നിയമ പോരാട്ടത്തിന്റെ ഫലമായി കോടതി വിചാരണയ്ക്ക് ഹാജരാകാന്‍ കെകെയ്ക്ക് നീമുച്ചില്‍ നിന്നും ബാരണിലേക്ക് 220 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതായി വന്നു. ഇത് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി. ഈ ദുരിതത്തിന് മറുപടിയായി ഒരു സവിശേഷ നിലപാട് സ്വീകരിക്കാന്‍ അങ്ങനെ കെകെ തീരുമാനിച്ചു. ഭാര്യയുടെ നാടായ ആന്റയില്‍ കോടതിക്കടുത്ത് അങ്ങനെ അദ്ദേഹം ഒരു ചായക്കട തുടങ്ങി. '498 എ ടീ കഫേ' എന്ന് അതിന് പേരും ഇട്ടു.
ജൂണ്‍ 9-നാണ് ഈ സംരംഭം ആരംഭിച്ചത്. ഇതൊരു ബിസിനസ് നീക്കം മാത്രമായിരുന്നില്ല. ഭാര്യമാരില്‍ നിന്ന് പീഡനം നേരിടുന്ന പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ഒരു പ്രസ്താവന കൂടിയായിരുന്നു. കടയുടെ ഉദ്ഘാടന ദിവസം കൈവിലങ്ങുകള്‍ ധരിച്ച് കെകെ പ്രഖ്യാപിച്ചു. "നമുക്ക് നീതി ലഭിക്കുന്നതു വരെ ചായ തിളച്ചുകൊണ്ടേയിരിക്കും". ഭാര്യമാരുടെ തെറ്റായ ആരോപണങ്ങളില്‍ നിയമ കുരുക്ക് നേരിടുന്ന ഭര്‍ത്താക്കന്മാരുടെ പ്രതീകമായി മാറിയ കെകെയുടെ ചായക്കടയില്‍ ഈ മുദ്രാവാക്യവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഒന്നൊര മാസം സ്വരൂപിച്ച പണം കൊണ്ടാണ് കെകെ ചായക്കട തുടങ്ങിയത്. കസേരകളും മേശകളും സ്ഥാപിച്ചു. ഒരു ടെന്റ് ഹൗസ് വൃത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. നീതി കിട്ടാതെ നിയമ പോരാട്ടങ്ങളോടും യാത്രാക്ലേശത്തോടും മല്ലിടുന്ന തന്നെപ്പോലുള്ളവര്‍ക്ക് അവബോധം നല്‍കുകയും അവരുടെ ശബ്ദമാകുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
കെകെയുടെ ദുരവസ്ഥയില്‍ അനുകമ്പ തോന്നിയ നിരവധി പേര്‍ അദ്ദേഹത്തിന്റെ കഥ ഏറ്റെടുത്തു. ഇതോടെ കെകെയും ചായക്കടയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. യഥാര്‍ത്ഥത്തില്‍ നീതിക്കായി സ്ത്രീകള്‍ നിയമത്തെ ആശ്രയിക്കുന്നുണ്ടെങ്കിലും ചിലര്‍ ഇതിനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് കെകെ വിശ്വസിക്കുന്നത്. നിയമത്തില്‍ സ്ത്രീക്ക് ലഭിക്കുന്ന പരിഗണന നിരപരാധികളായ പുരുഷന്മാരെയും അദ്ദേഹത്തിന്റെ കുടുംബങ്ങളെയും ദുരിതത്തിലാക്കുന്നു.
വെല്ലുവിളികള്‍ക്കിടയിലും ചായ വില്‍ക്കുന്നത് തുടരാനും തളരാതെ കേസില്‍ മുന്നോട്ട് പോകാനും തന്നെയാണ് കെകെയുടെ തീരുമാനം. "എന്നെ ഇങ്ങനെ കാണുമ്പോള്‍ എന്റെ ഭാര്യ സമാധാനത്തോടെയിരിക്കണം. കോടതിയില്‍ ഞങ്ങള്‍ക്ക് തീയതികള്‍ മാത്രമേ ലഭിക്കു... നീതിയല്ല. അതിനാല്‍ ഞാന്‍ ചായ വില്‍ക്കാനും ഇവിടെ നിന്ന് നിയമ പോരാട്ടം നടത്താനും തീരുമാനിച്ചു. ഞാന്‍ ഇതില്‍ നിന്ന് പിന്മാറില്ല", അദ്ദേഹം പറഞ്ഞു.