മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
യൂറോപ്പിൽ ഇറച്ചി വെട്ടുന്ന മലയാളി എൻജിനീയർ.
യൂറോപ്പിൽ ഇറച്ചി വെട്ടുകാരനായി ജോലിയെടുക്കുന്ന ഒരു മലയാളി എഞ്ചിനീയറെപ്പറ്റി ഞാൻ ഒരിക്കൽ എഴുതിയിരുന്നു. ഇറച്ചി വെട്ടാൻ പഠിക്കാനോ, ആ ജോലിക്കോ അല്ല അയാൾ കേരളത്തിൽ നിന്നും പോയത്. നോർവെയിൽ ഉന്നത വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാണെന്നും ബാക്കി എല്ലാ കാര്യങ്ങൾക്കും സർക്കാരിന്റെ സബ്‌സിഡി ഉണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ഒരു എഡ്യൂക്കേഷണൽ കൺസൽട്ടൻറ് പറഞ്ഞു വിട്ടതാണ്. അധ്യാപികയായ അമ്മ പെൻഷൻ ആയപ്പോൾ കിട്ടിയ പണം കയ്യിൽ വച്ചാണ് പോയത്. അവിടെ എത്തിയപ്പോൾ പറഞ്ഞത് പോലെ ഒന്നും നടന്നില്ല, പണം തീർന്നു. തിരിച്ചു നാട്ടിലേക്ക് വരാൻ അഭിമാനവും സാന്പത്തിക സ്ഥിതിയും അനുവദിച്ചില്ല. നിയമ വിരുദ്ധമായി ഫ്രാൻസിൽ എത്തി, അവിടെ വയസ്സായവരെ നോക്കുന്ന ജോലിക്ക് നിന്നു, കുറെ നാൾ കഴിഞ്ഞപ്പോൾ ഇറച്ചി വെട്ടുന്ന പണി കിട്ടി, അത് ചെയ്യുന്നു.
advertisement
ഇറച്ചി വെട്ടുന്ന ജോലിയോട് എനിക്ക് യാതൊരു എതിർപ്പുമില്ല. ആ ജോലി എൻജിനീയർമാരുടെ ജോലിയെക്കാൾ മോശമാണെന്നുള്ള ചിന്ത ഒട്ടുമേ ഇല്ല. എൻജിനീയർമാർ ഇറച്ചി വെട്ടുന്നത് മോശമാണെന്ന ചിന്തയുമില്ല. എന്നാൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ കുട്ടികൾ അച്ഛനമ്മമാരുടെ പെൻഷൻ പണമോ, താമസിക്കുന്ന വീട് പണയപ്പെടുത്തിയ പണമോ കൊണ്ട് ഉന്നത പഠനത്തിന് പോകരുത് എന്നൊരു അഭിപ്രായം ഉണ്ട്.
വിദേശത്ത് പഠിക്കാൻ പോവുക എന്നത് വളരെ നല്ല കാര്യമാണ്, സാധിക്കുന്നവരെല്ലാം ചെയ്യണമെന്ന അഭിപ്രായവും ഉണ്ട്. എന്തൊക്കെ കാര്യങ്ങളാണ് വിദേശത്ത് പഠിക്കാൻ പോകുന്നവർ ശ്രദ്ധിക്കേണ്ടത് ?
ഈ വിഷയമാണ് ഈ ആഴ്ച്ച നീരജ ചർച്ച ചെയ്യുന്നത്. കേൾക്കുക, ഷെയർ ചെയ്യുക. നിങ്ങളുടെ അധ്യാപക സുഹൃത്തുക്കളെയും വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ടാഗ് ചെയ്യുക.