ഗൾഫ് മേഖലയിലെ പരീക്ഷാ മാറ്റം:
മധ്യപൗരസ്ത്യ ദേശത്ത് യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ പരീക്ഷാ നടത്തിപ്പിൽ മാറ്റം വരുത്തി. ഗൾഫിലെ പരീക്ഷാ കേന്ദ്രങ്ങളിൽ മാർച്ച് 5, 6, 7 തീയതികളിൽ നടത്താനിരുന്ന ഹയർ സെക്കൻഡറി പരീക്ഷകളാണ് നിലവിൽ മാറ്റിവെച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. യുദ്ധം കാരണം പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികൾ പ്രിൻസിപ്പൽമാർ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷകളുടെ മെറിറ്റ് പരിശോധിച്ച ശേഷം ഇവർക്ക് പരീക്ഷ എഴുതാൻ അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
advertisement
വിദ്യാർത്ഥികളുടെ എണ്ണം:
ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,11,025 ഒന്നാം വർഷ റഗുലർ വിദ്യാർത്ഥികളും 3,41,222 ഇംപ്രൂവ്‌മെന്റ് വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. രണ്ടാം വർഷത്തിൽ 4,52,437 വിദ്യാർത്ഥികളുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറി (VHSE) വിഭാഗത്തിൽ ഒന്നാം വർഷം 26,829 പേരും രണ്ടാം വർഷം 26,826 പേരും പരീക്ഷ എഴുതും.
പരീക്ഷാ കേന്ദ്രങ്ങളും മൂല്യനിർണ്ണയവും:
കേരളത്തിൽ 1966 കേന്ദ്രങ്ങളും ഗൾഫിൽ 7-ഉം ലക്ഷദ്വീപിൽ 9-ഉം മാഹിയിൽ 2-ഉം പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പരീക്ഷാ ഡ്യൂട്ടിക്കായി ഹയർ സെക്കൻഡറിയിൽ 29,000 അധ്യാപകരെയും VHSE വിഭാഗത്തിൽ 3,700 അധ്യാപകരെയും നിയോഗിക്കും. ഉത്തരക്കടലാസ് മൂല്യനിർണ്ണയത്തിനായി 89 ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രിൽ 6-ന് മൂല്യനിർണ്ണയം ആരംഭിച്ച് മെയ് 22-ഓടെ ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
