സംഭവ സമയത്ത് വീട്ടിലെ ഒരു മുറിയില്‍ വിശ്രമിക്കുകയായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. 12-ാം ക്ലാസില്‍ പഠിക്കുന്ന ഇവരുടെ മൂത്ത മകന്‍ അടുക്കളയില്‍ പാട്ട് കേട്ടുകൊണ്ട് പാത്രം കഴുകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്പീക്കറില്‍ വളരെ ഉച്ചത്തിലാണ് പാട്ട് വച്ചിരുന്നത്. ഇതില്‍ അസ്വസ്ഥത അനുഭവപ്പെട്ട അമ്മ ശബ്ദം കുറയ്ക്കാന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ മകന്‍ പ്രതികരിക്കാതിരുന്നപ്പോള്‍ അവര്‍ ദേഷ്യപ്പെട്ട് സ്പീക്കര്‍ തട്ടിമാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ചെറിയ രീതിയില്‍ തുടങ്ങിയ വഴക്ക് വലിയ ആക്രമത്തിലേക്ക് കടന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മകന്‍ ആദ്യം ദേഷ്യപ്പെട്ട് അമ്മയെ അധിക്ഷേപിച്ചു. ഇതില്‍ പ്രകോപിതയായ അമ്മ 17-കാരനെ രണ്ട് തവണ അടിച്ചു. ഇതോടെ നിയന്ത്രണം നഷ്ടപെട്ട കുട്ടി അമ്മയെ തള്ളിമാറ്റുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
വഴക്കിനിടയില്‍ സ്ത്രീയുടെ മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. ഇതുകണ്ട് പരിഭ്രാന്തിയിലായ ആണ്‍കുട്ടി അമ്മ തന്നെ വീണ്ടും അടിക്കുമെന്ന് പേടിച്ച് അവരുടെ തന്നെ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്താണ് നടന്നതെന്ന് മനസ്സിലാക്കിയ ശേഷം അവന്‍ മൃതദേഹം കട്ടിലിന്റെ സ്‌റ്റോറേജ് കംമ്പാര്‍ട്ട്‌മെന്റില്‍ ഒളിപ്പിച്ചു.
35 വയസ്സുള്ള ഈ സ്ത്രീ കുട്ടിയുടെ അച്ഛന്‍ മരണപ്പെട്ടശേഷം മാര്‍ക്കറ്റിംഗ് ജോലി ചെയ്യുന്ന മറ്റൊരാളുടെ കൂടെയാണ് താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് ഏകദേശം 17 വര്‍ഷം മുമ്പാണ് മരിച്ചത്. അന്നുമുതല്‍ രണ്ട് ആണ്‍മക്കളെ അവര്‍ ഒറ്റയ്ക്ക് വളര്‍ത്തുകയാണ്. ഇളയ മകന് 15 വയസ്സാണ് പ്രായം. ഇവര്‍ക്കൊപ്പം താമസിക്കുന്ന വ്യക്തി പലപ്പോഴും ജോലിക്കാര്യത്തിനായി പുറത്തായിരിക്കും. സംഭവ ദിവസം അദ്ദേഹം ബറേലിയില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
9-ാം ക്ലാസില്‍ പഠിക്കുന്ന രണ്ടാമത്തെ മകന്‍ ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്‌കൂളില്‍ പോയിരിക്കുകയായിരുന്നു. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ കുട്ടി പലതവണ അമ്മയെ വിളിച്ചു. പക്ഷേ, പ്രതികരണം ഉണ്ടായില്ല. ചുറ്റും നോക്കുമ്പോള്‍ പകുതി തുറന്നുകിടക്കുന്ന കട്ടിലില്‍ ഒരു ഷാള്‍ കുടുങ്ങിക്കിടക്കുന്നത് അവന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് തുറന്ന് നോക്കിയപ്പോഴാണ് അമ്മയുടെ മൃതദേഹം കുട്ടി കണ്ടത്. പെട്ടെന്ന് ഞെട്ടിപ്പോയ കുട്ടി ഭയന്ന് നിലവിളിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അവന്റെ നിലവിളി കേട്ട് അയല്‍ക്കാര്‍ വീട്ടിലേക്ക് ഓടിയെത്തി. അവരുടെ സഹായത്തോടെ അവന്‍ അമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉടന്‍ വിവരം പോലീസില്‍ അറിയിച്ചു. മൂത്ത മകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ അവന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പോലീസ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്. ഈ കുട്ടിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി തോന്നിയെന്നും ചോദ്യം ചെയ്യലില്‍ സ്പീക്കര്‍ പൊട്ടിയ കാര്യം കുട്ടി പറഞ്ഞതായും വെസ്റ്റ് ഡിസിപി ദിനേഷ് ത്രിപാടി അറിയിച്ചു.