2023 ഒക്ടോബറിലാണ് സംഭവം നടന്നത്. ദെയ്‌ഖേദ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ നിന്നാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. തൊട്ടടുത്ത ഗ്രാമവാസിയായ ലാലിഭായ് മോഗ്യയാണ് പ്രതി. ബുണ്ടിയിലെ ജുവനൈല്‍ ജസ്റ്റിസ് കോടതിയുടെ ഉത്തരവിന്മേല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയായിരുന്നു. ലാലിഭായ് മോഗ്യ എന്ന 30 വയസ്സുള്ള സ്ത്രീക്കെതിരെ 2023 നവംബര്‍ ഏഴിനാണ് കുട്ടിയെ തട്ടികൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിനെതിരെ കേസെടുത്തതെന്ന് ബുണ്ടി പോക്‌സോ കോടതി-1ലെ പബ്ലിക് പ്രോസിക്യൂട്ടര്‍ മുകേഷ് ജോഷി അറിയിച്ചു.
advertisement
ലാലിഭായ് 17 വയസ്സുള്ള തന്റെ മകനെ തട്ടികൊണ്ടുപോയി ജയ്പൂരിലേക്ക് എത്തിച്ച് ഉപദ്രവിക്കുകയായിരുന്നുവെന്ന് പീഡനത്തിന് ഇരയായ ആണ്‍കുട്ടിയുടെ അമ്മ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജയ്പൂരില്‍ ലാലിഭായ് റൂം എടുത്ത് താമസിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. മദ്യവും ലഹരിയും നല്‍കി ഒരാഴ്ചയോളം തന്റെ മകനെ തടവിലാക്കി പീഡിപ്പിച്ചുവെന്നും അവര്‍ ആരോപിച്ചു.
ആണ്‍കുട്ടിയുടെ അമ്മ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ നല്‍കിയ പരാതിയുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ലാലിഭായിക്കെതിരെ തട്ടികൊണ്ടുപോകലും ലൈംഗികചൂഷണവും ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. ഐപിസി 363, 75, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വകുപ്പ് 84, പോക്‌സോ നിയമത്തിനു കീഴില്‍ 5എല്‍/6 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധകള്‍ക്കുശേഷം കുറ്റാരോപിതയായ ലാലിഭായിയെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് അവരെ ജാമ്യത്തില്‍ വിട്ടയച്ചു. പോക്‌സോ കോടതി-1ലെ ജഡ്ജ് സലീം ബാദ്ര ലാലിഭായ് മോഗ്യയെ കുറ്റക്കാരിയായി കണ്ടെത്തി. അവര്‍ക്കെതിരെ ഐപിസി, പോക്‌സോ നിയമം പ്രകാരം ചുമത്തിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ തെളിയുകയും ചെയ്തു. ഇതോടെയാണ് 20 വര്‍ഷം തടവും 45,000 രൂപ പിഴയും വിധിച്ചത്.