TRENDING:

'ഇരുതലമൂരി' തട്ടിപ്പ് ; പെരിന്തൽമണ്ണയിൽ ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം ഏഴുപേര്‍ പിടിയില്‍

Last Updated:

നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായാണ് ഇവർ പിടിയിലായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാല് കിലോ തൂക്കമുള്ള ഇരുതല മൂരിയെ കച്ചവടം ചെയ്യാൻ ശ്രമിച്ച 7 അംഗ സംഘം മലപ്പുറം പെരിന്തൽമണ്ണയിൽ പോലീസ് പിടിയിലായി. പറവൂര്‍ വടക്കും പുറം സ്വദേശി കള്ളംപറമ്പില്‍ പ്രഷോബ്(36),തിരുപ്പൂര്‍ സ്വദേശികളായ രാമു(42),ഈശ്വരന്‍(52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പന്‍ വീട്ടില്‍ നിസാമുദ്ദീന്‍(40),പെരിന്തല്‍മണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തില്‍ മുഹമ്മദ് അഷറഫ്(44), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പനക്കുന്നില്‍ ഹംസ(53),കൊല്ലം തേവലക്കര സ്വദേശി പാലക്കല്‍ വീട്ടില്‍ സുലൈമാന്‍കുഞ്ഞ് (50) എന്നിവരേയാണ് പെരിന്തല്‍മണ്ണ എസ്.ഐ.ഷിജോ.സി.തങ്കച്ചനും സംഘവും കസ്റ്റഡിയിലെടുത്തത്.
advertisement

പ്രഷോബ്, നിസാമുദ്ദീന്‍ എന്നിവരാണ് തമിഴ്നാട്ടിലെ രാമു, ഈശ്വരന്‍ എന്നിവര്‍ മുഖേന നാലര ലക്ഷം രൂപ കൊടുത്ത് ആന്ധ്രയില്‍ നിന്ന് എത്തിച്ച്  ഇരുതലമൂരി പാമ്പിനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ശേഷം മറ്റുള്ള ഏജന്‍റുമാര്‍ മുഖേന  ആറുകോടിയോളം വിലപറഞ്ഞുറപ്പിച്ച ശേഷമാണ് വില്‍പ്പനയ്ക്കായി പെരിന്തല്‍മണ്ണയിലെത്തിയത്. പിടിയിലായ മുഹമ്മദ് അഷറഫ് വളാഞ്ചേരിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്.പ്രതികളേയും പാമ്പിനേയും തുടരന്വേഷണത്തിനായി  കരുവാരക്കുണ്ട്  വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.

ഇരുതലമൂരി, വെള്ളിമൂങ്ങ, എന്നിവ കൈവശം വച്ച്  കോടികളുടെ തട്ടിപ്പ് നടത്തുന്ന   സംഘം പ്രവര്‍ത്തിക്കുന്നതായും ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച്  ഇത്തരം ഇടപാടുകള്‍ നടക്കുന്നതായും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്  ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍  ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ , സിഐ .പ്രേംജിത്ത്, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിൽപ്പെട്ടവരെ  കുറിച്ചും ജില്ലയിലെ ഏജന്‍റുമാരെ കുറിച്ചും  സൂചന ലഭിക്കുന്നത്.

advertisement

Also Read- ആത്മീയ സൗഖ്യം തേടിയെത്തിയ യുവതി പറ്റിച്ചു; മഠാധിപതിയ്ക്ക് നഷ്ടപ്പെട്ടത് 47 ലക്ഷം രൂപ

തുടര്‍ന്ന്  കൂടുതല്‍ അന്വേഷണം നടത്തിയതില്‍ സംസ്ഥാനത്തിനകത്തും പുറത്തും  പലഭാഗങ്ങളില്‍ നിന്നും  ആളുകളും ഇടനിലക്കാരായി ഇവരെ സമീപിക്കുന്നതായും ആറു  കോടി രൂപ വരെ വില പറഞ്ഞ്  കച്ചവടത്തിന് ശ്രമം നടക്കുന്നതായും   വിവരം  ലഭിച്ചത്. തുടര്‍ന്ന്   മലപ്പുറം ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം  നടത്തിയ ഈ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാനത്തുമംഗലം ജംഗ്ഷന് സമീപം വച്ച്    ബാഗിനുള്ളില്‍  ഒളിപ്പിച്ച നിലയില്‍ നാലു  കിലോയോളം തൂക്കമുള്ള  ഇരുതലമൂരി പാമ്പുമായി  ഏഴംഗസംഘത്തെ പിടികൂടിയത്.

advertisement

തലയും വാലും കാണാന്‍  ഒരുപോലെയിരിക്കുന്നതിനാലാണ് ഇവയെ ഇരുതലമൂരി എന്ന് വിളിക്കുന്നത്. ഇവയുടെ തൂക്കത്തിനനുസരിച്ച്  അന്താരാഷ്ട്രമാര്‍ക്കറ്റില്‍   കോടിക്കണക്കിന് രൂപ വിലയുള്ളതായും  അന്ധവിശ്വാസത്തിന്‍റെ പേരില്‍ മന്ത്രവാദത്തിനുപയോഗിക്കുന്നതിനും  വിദേശത്ത്  സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഇവയെ ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്.  അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണിയുള്ള ജീവികളുടെ ഗണത്തില്‍ പെടുത്തിയ ഇവയെ പിടിക്കുന്നതോ കൈവശം വയ്ക്കുന്നതോ  വില്‍പ്പന നടത്തുന്നതോ ചെയ്താല്‍ കടുത്ത ശിക്ഷയാണ്  നിയമം നല്‍കുന്നത്. ഇത്തരത്തില്‍  തട്ടിപ്പ് നടത്തി  കോടികള്‍ തട്ടിയെടുക്കുന്ന ഈ  സംഘത്തിലെ മറ്റു ഇടനിലക്കാരെ  കുറിച്ച് സൂചന ലഭിച്ചതായും അവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും  പെരിന്തല്‍മണ്ണ ഡിവൈഎസ് പി. എം. സന്തോഷ് കുമാര്‍ ,സി.ഐ. പ്രേംജിത്ത്  എന്നിവര്‍ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഇരുതലമൂരി' തട്ടിപ്പ് ; പെരിന്തൽമണ്ണയിൽ ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം ഏഴുപേര്‍ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories