45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗത്തെ വിവാഹം കഴിയ്ക്കാൻ രേഷ്മ തിരുവനന്തപുരത്തെത്തിയത്.
അടുത്ത മാസം മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പും ഇവർ നടത്തിയിരുന്നു.
പത്തുപേരെ വിവാഹം കഴിച്ച് പതിനൊന്നാമനെ കല്യാണം കഴിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കാഞ്ഞിരമറ്റം സ്വദേശി രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാര്‍ഡ് അംഗവും ഭാര്യയും ചേര്‍ന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറം ലോകത്തെ അറിയിച്ചത്.
advertisement
പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്താണ് പ്രതിശ്രുത വരൻ ബാഗിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തിരുന്നു.
വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29നായിരുന്നു ആദ്യം കോൾ വന്നത്. യുവതിയുടെ അമ്മയാണെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പറും യുവാവിന് കൈമാറി. തുടർന്ന്, ഇരുവരും പരസ്പരം സംസാരിച്ചു. ജൂൺ മാസം 4-ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു സംസാരിച്ചിരുന്നു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
ഇതോടെയാണ് വിവാഹം ഉടൻ നടത്താമെന്നാണ് യുവാവ് ഉറപ്പ് നൽകിയത്. മെയ് 5-ന് വൈകിട്ട് തിരുവനന്തപുരം വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചിരുന്നു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്നാണ് ബാഗ് പരിശോധിച്ച് പൊലീസിൽ പരാതി നൽകിയത്.

