ഈ മാസം പത്താം തീയതി ആണ് കേസിന് ആസ്പദമായ സംഭവം. സ്വർണം കടത്തിയ ആളും, കവർച്ച ചെയ്യാനെത്തിയ നാല് പേരുമാണ് അന്ന് പോലീസ് പിടിയിലായത്. തിരൂർ സ്വദേശി മഹേഷാണ് 974 ഗ്രാം സ്വർണമിശ്രിതം കടത്തിയത്. യാത്രക്കാരൻ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ " പൊട്ടിക്കൽ" ആസൂത്രണം ചെയ്തത് അർജുൻ ആയങ്കി ആണെന്ന് പോലീസ് പറയുന്നു.
പരപ്പനങ്ങാടി സ്വദേശികളായ മൊയ്‌ദീൻ കോയ, മുഹമ്മദ് അനീസ്, അബ്ദുൽ റഊഫ്, നിറമരുതൂർ സ്വദേശി സുഹൈൽ എന്നിവരാണ് അന്ന് പിടിയിലായത്. ജിദ്ദയിൽ നിന്ന് സ്വർണവുമായി എത്തിയ തിരൂർ സ്വദേശി മഹേഷിന്റെ നിർദേശപ്രകാരമാണ് കവർച്ച സംഘം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. സ്വർണം കൈപ്പറ്റാൻ എത്തുന്നവർക്ക് സ്വർണം കൈമാറുന്നതിനിടെ കവർച്ച ചെയ്യാനായിരുന്നു സംഘത്തിന് മഹേഷ് നൽകിയ നിർദേശം.
advertisement
Also Read-കരിപ്പൂർ സ്വർണക്കവർച്ചാ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കവർച്ചാ സംഘാംഗങ്ങളായ നാലു പേരെ പിടികൂടി. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വർണം കടത്തിയ മഹേഷും പിടിയിലായത്. സ്വർണം തട്ടിയെടുക്കാൻ വന്നവർക്ക് നിർദേശങ്ങൾ നൽകിയത് അർജുൻ ആയങ്കി ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസിൽ ഒന്നാം പ്രതി ആയാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വർഷം ജൂണിൽ സ്വർണ കടത്ത് സംഘങ്ങൾ വാഹനാപകടത്തിൽ മരിച്ചതിന് ശേഷം ആണ് കള്ളക്കടത്ത് സ്വർണം മോഷ്ടിക്കുന്ന സംഘങ്ങളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നത്. ഇത്തരത്തിൽ സ്വർണം മോഷ്ടിക്കുന്ന ഒരു സംഘത്തിൻ്റെ തലവൻ അർജുൻ ആയങ്കി ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അന്ന് സ്വർണം തട്ടിയെടുത്ത് കൊണ്ടുപോകാൻ കരിപ്പൂരിൽ എത്തിയ അർജുൻ ആയങ്കി സ്വർണം കസ്റ്റംസ് പിടികൂടിയത് അറിഞ്ഞ് രക്ഷപ്പെടുക ആയിരുന്നു.
കരിപ്പൂരിൽ പോലീസ് നിരീക്ഷണത്തിന് ഇനി സിസിടിവി ക്യാമറകളും സജ്ജം
കരിപ്പൂർ വിമാനത്താവളത്തിൽ നിരീക്ഷണത്തിനായി ഇനി പോലീസിൻ്റെ നിയന്ത്രണത്തിലുള്ള സുരക്ഷ ക്യാമറകളും സജ്ജം. വിമാനത്താവളത്തിനോട് ചേർന്നുള്ള 8 പ്രധാന ഇടങ്ങളിൽ ആണ് പോലീസ് സിസിടിവി ക്യാമറകൾ സജ്ജമാക്കിയത്. ഇവയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് നിർവഹിച്ചു
കരിപ്പൂർ വിമാനത്താവളത്തിൽ പോലീസിൻ്റെ നിരീക്ഷണം കുറേക്കൂടി ശക്തമാവുക ആണ്. കരിപ്പൂർ വിമാനതാവളത്തിൽ പോലീസ് നീരീക്ഷണത്തിനായ് ഇൻറർനാഷണൽ ടെർമിനലിൽ ആണ് വിമാനത്താവള അധികൃതർ സി സി ടി വി ക്യാമറകൾ സ്ഥാപിച്ചത്. 360 ഡിഗ്രി തിരിയുന്ന ഹൈഡഫിനിഷൻ ക്യാമറകളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഇൻ്റർനാഷണൽ ടെർമിനലിലെ ആഗമനം , തിരിച്ച് പോകൽ കവാടങ്ങൾ , വാഹന പാർക്കിംഗ് ഇടം, ടെർമിലിനു മുൻവശത്ത് വാഹനങ്ങൾ കടന്നു വരുന്ന വഴികൾ തുടങ്ങി എട്ട് ഇടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. ഇതിൻ്റെ പരിപൂർണ്ണ നിയന്ത്രണവും പോലീസിനാണ്. വാഹനത്തിൻ്റെ നമ്പർ വരെ സൂം ചെയ്തു സൂക്ഷ്മമായി നിരീക്ഷിക്കാൻ പറ്റുന്ന തരത്തിൽ ക്യാമറകളാണ് എല്ലാം.
കഴിഞ്ഞ ജനുവരിയിലാണ് ഇൻ്റർനാഷണൽ ടെർമിലനലിൽ പോലീസ് ഹെൽപ്പ് ഡസ്ക്ക് സ്ഥാപിച്ചത് . അതിന് ശേഷം ഇത് വരെയും 50 ലേരെ സ്വർണ കടത്ത് കേസുകൾ ആണ് പോലീസ് പിടികൂടിയത്. സ്വർണക്കടത്തിന് കൂട്ടു നിന്ന കസ്റ്റംസ് സൂപ്രണ്ടിനെ വരെ പോലീസ് പിടികൂടി.ഇനി വിമാനത്താവളത്തിലെ പ്രധാന ഇടങ്ങൾ എല്ലാം സിസിടിവി നിരീക്ഷണ പരിധിയിൽ കൂടി വരുന്നതോടെ സുരക്ഷ കൂടുന്നതിന് ഒപ്പം സ്വർണ കടത്ത് സംഘങ്ങളുടെ ചെറിയ നീക്കങ്ങൾ വരെ തിരിച്ചറിയാൻ പോലീസിന് സാധിക്കും