കൊല്ലത്ത് ഐപിഎസ് ഉദ്യോഗസ്ഥന്റെതെന്ന പേരിൽ വ്യാജ വാട്സ്ആപ്പ് വഴി പോലീസുകാരിൽ നിന്ന് പണം തട്ടാൻ ശ്രമം. കൊല്ലം സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇതുരെ ആർക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ടി.കെ. വിഷ്ണു പ്രദീപ് എന്ന ഐപിഎസ് ഓഫീസറിന്റെ പേരിലാണ് വ്യാജ വാട്ട്സ് ആപ്പ് അക്കൌണ്ട് വഴി പോലീസുകാർക്ക് സന്ദേശം അയച്ചത്. ഐപിഎസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലുള്ള ചിത്രം പ്രൊഫൈൽ ചിത്രമാക്കിക്കൊണ്ടായിരുന്നു കൊല്ലം റൂറൽ പോലീസിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സന്ദേശം അയച്ചത്. അടിയന്തര ആവശ്യത്തിനാണെന്നു പറഞ്ഞ് 40,000 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സമാന സൈബർ തട്ടിപ്പുകൾ അറിയാമായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടൻതന്നെ സീനിയർ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
advertisement
ബിഎൻഎസ് 18(4) (വഞ്ചന), 3(5) (ഒരേ ലക്ഷ്യത്തോടെ കുറ്റകൃത്യം ചെയ്യൽ), ഐടി നിയമം 66സി (വ്യക്തിവിവര മോഷണം), 66ഡി (കമ്പ്യൂട്ടർ അല്ലെങ്കിൽ ആശയവിനിമയ ഉപകരണം ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ന്യൂഡൽഹിയിലുള്ള ഒരു ബാങ്ക് അക്കൌണ്ടിലേക്കാണ് പണം ആവശ്യെപ്പെട്ടതെന്നാ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു