വടിവാളും കമ്പിവടികളുമായി പൊലീസിനെ ആക്രമിച്ച പ്രതികൾ മൂന്ന് പൊലീസ് വാഹനങ്ങളും അടിച്ചു തകർത്തിരുന്നു. സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ആറംഗ ഗുണ്ടാ സംഘത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതികളെ ഓൺലൈനായി കോടതിയിൽ ഹാജരാക്കിയെന്നും സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
മണ്ണൂത്തി നല്ലങ്കര വൈലോപ്പള്ളി നഗറിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വൈലോപ്പള്ളി നഗറിലെ താമസക്കാരും സഹോദരങ്ങളും ലഹരി മരുന്ന് കേസുകളിലെ പ്രതികളുമായ അൽത്താഫ് ജമാലും അഹദ് ജമാലുമാണ് സുഹൃത്തുക്കളായ ഗുണ്ടാ സംഘത്തിനായി ലഹരി പാർട്ടി ഒരുക്കിയത്. അഹദിൻ്റെ ബെർത്ത് ഡേയോട് അനുബന്ധിച്ച് 15 ലേറെ ആളുകളെയാണ് പ്രദേശത്തേക്ക് വിളിച്ചു വരുത്തിയത്. എന്നാൽ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനെയും ലഹരി ഉപയോഗിക്കുന്നതിനെയും അൽത്താഫിൻ്റെയും അഹദിൻ്റെയും മാതാവ് വിലക്കി. ഇതോടെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ വച്ച് ലഹരിയും മദ്യവും ഉപയോഗിച്ച യുവാക്കൾ തമ്മിൽ വാക്കു തർക്കവും കൈയ്യാങ്കളിയും ഉണ്ടാവുക ആയിരുന്നു.
advertisement
സംഘർഷത്തിന് ശേഷം വീട്ടിലെത്തിയ അഹദിനെയും അൽത്താഫിനെയും മതാവ് ശകാരിച്ചു. ഇതോടെ ഇവർക്കു നേരെയായി ഇരുവരുടെയും പരാക്രമം. സംഭവത്തിന് പിന്നാലെ ഈ സ്ത്രീ പൊലീസിനെ വിവരം അറിയിച്ചു. കൺട്രോൾ റൂമിൽ നിന്നും പൊലീസ് എത്തിയതോടെ പൊലീസിന് നേരെയായി അതിക്രമം. ഈ സമയം സ്ഥലത്തുണ്ടായിരുന്ന 15 അംഗ സംഘത്തിലെ ചിലർ ഓടി രക്ഷപ്പെട്ടു.
എന്നാൽ 2 കൊലക്കേസുകളിൽ പ്രതിയായ ബ്രഹ്മജിത്തിൻ്റെ നേതൃത്വത്തിൽ ആഷ്ലിൻ ആൻ്റണി , എവിൻ ആൻറണി ഷാർബൽ തുടങ്ങിയവർ പോലീസ് സംഘത്തെ ആക്രമിച്ചു. കൂടുതൽ പോലീസുകാർ എത്തിയതോടുകൂടി വടിവാളും കമ്പി വടികളും ഉപയോഗിച്ച് ഇവർ ഉദ്യോഗസ്ഥരെ ആക്രമിച്ചു മൂന്ന് പോലീസ് വാഹനങ്ങളും പ്രതികൾ ചേർന്ന് തല്ലി തകർത്തു. ബോക്‌സറായ അൽത്താഫിന്റെ ഇടിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ താടയെല്ലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന് വെട്ടേൽക്കുകയും ചെയ്തു.
ഗ്രേഡ് എസ്.ഐ ജയൻ, സീനിയർ സി.പി.ഒ അജു, സി.പി.ഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പ്രതികളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. പരസ്പരം തമ്മിൽതല്ലിയ പ്രതികളിൽ ചിലർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ നടന്ന സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലെ പ്രതികളെ മണ്ണുത്തി സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. കൊലപാതകശ്രമം , പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ആറംഗ സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് രക്ഷപ്പെട്ടു മറ്റു പ്രതികൾക്കായും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.