സൗദിയിലെ ജിദ്ദയിൽനിന്നെത്തിയ യാത്രക്കാരന്റെ ലഗേജിൽ നിന്നാണ് ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ സ്വർണം പിടികൂടിയത്. ബാഗേജിന്റെ എക്സ്-റേ സ്കാനിങ് നടത്തുമ്പോൾ സംശയാസ്പദമായ രീതിയിൽ ഒരു വസ്തു ശ്രദ്ധയിൽപ്പെട്ടു. യാത്രക്കാരൻ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിനുള്ളിലൂടെ കടന്നപ്പോൾ ഉപകരണം ശക്തമായി ശബ്ദിച്ചതും കസ്റ്റംസിന്റെ സംശയം ഇരട്ടിപ്പിച്ചു.
തുടർന്ന് കസ്റ്റംസ് അധികൃതർ ലഗേജ് പരിശോധിച്ചപ്പോഴായിരുന്നു കവറിൽ കെട്ടിയ നിലയിൽ ഈന്തപ്പഴം കണ്ടെത്തിയത്. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് പഴത്തിനുള്ളിൽ കുരുവിന്റെ സ്ഥാനത്ത് സ്വർണമാണെന്ന് കണ്ടെത്തിയത്. സ്വർണം പിടിച്ചെടുത്ത വിവരം ഡൽഹി കസ്റ്റംസ് (എയർപോർട്ട് ആൻഡ് ജനറൽ) അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്വർണം കൃത്യമായ അളവിൽ മുറിച്ച് ഈന്തപ്പഴത്തിൽ നിറച്ചിരിക്കുകയായിരുന്നു. ഈ യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ആർക്കുവേണ്ടിയാണ് സ്വർണം എത്തിച്ചതെന്നുൾപ്പെടെ വിശദമായ അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു.