കോട്ടയം അയർക്കുന്നം ളാക്കാട്ടൂർ റോഡിൽ ആണ് വാഹനത്തിൽ നായയെ കെട്ടി വലിച്ചത്. കാറിൽ നായ കെട്ടിവലിച്ചതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. അയർക്കുന്നം ളാക്കാട്ടൂർ റോഡിൽ ചേന്നാമറ്റത്ത് ആണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ചേന്നാമറ്റം വായനശാലയിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത് എന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
Also Read- അച്ഛനെ പേടിപ്പിക്കാൻ കഴുത്തില് കുരുക്കിട്ടു; പതിനൊന്നുകാരിക്ക് ദാരുണാന്ത്യം
advertisement
നായയെ കെട്ടി വലിച്ചത് നാട്ടുകാരിൽ പലരും കണ്ടിരുന്നു. ഇത് സ്ഥലത്തെ പല പൊതു പ്രവർത്തകരെയും അറിയിച്ചു. അയർകുന്നത്തെ പൊതുപ്രവർത്തകനായ ടോമി ചക്കുപാറയാണ് സംഭവത്തിന്റെ ദൃശ്യം പുറത്തെത്തിച്ചത്. നാട്ടുകാരിൽ നിന്നും വിവരം ലഭിച്ചതനുസരിച്ച് ടോമി ചക്കുപാറ അയർക്കുന്നം ളാക്കാട്ടൂർ റോഡിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. ചേന്നാമറ്റം വായനശാലയിൽ സിസിടിവി ഉണ്ടെന്ന് കണ്ട് അവിടെ എത്തി പരിശോധിച്ചപ്പോഴാണ് നായെ കാറിൽ കെട്ടി വലിക്കുന്ന ദൃശ്യം സ്ഥിരീകരിച്ചത്.
സംഭവം അറിഞ്ഞ ഉടൻ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ രേഖാമൂലം പരാതി ഇല്ലാതെ അന്വേഷിക്കാൻ ആകില്ല എന്ന നിലപാടിലായിരുന്നു അയർക്കുന്നം പോലീസ്. ഇതേതുടർന്നാണ് പൊതുപ്രവർത്തകർ സിസിടിവി തെളിവായി ശേഖരിച്ചത്. തുടർന്ന് ദൃശ്യങ്ങൾ കണ്ടെത്തിയ ടോമി ചക്കുപാറ രേഖാമൂലം അയർക്കുന്നം പൊലീസിന് പരാതി നൽകി. തുടർന്നാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പരാതി ലഭിച്ചതോടെ പൊലീസ് അയർക്കുന്നം ളാക്കാട്ടൂർ റോഡിൽ പലയിടത്തും സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ചേന്നാമറ്റം വായനശാലയിൽ എത്തിയാണ് പൊലീസ് ആദ്യം പരിശോധന നടത്തിയത്. തുടർന്ന് മറ്റൊരു വീട്ടിൽ ഘടിപ്പിച്ചിരുന്ന സിസിടിവി ദൃശ്യവും പൊലീസ് പരിശോധിച്ചു. എന്നാൽ രണ്ട് സിസിടിവി കളിലും വാഹന നമ്പർ വ്യക്തമല്ല എന്നാണ് പൊലീസ് അറിയിക്കുന്നത്. അതേസമയം വാഹനത്തിന്റെ വ്യക്തമായ ദൃശ്യം പുറത്തുവന്ന സാഹചര്യത്തിൽ ഈ മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
വാഹനം ഓടിച്ചത് ഒരു യുവാവാണ് എന്ന് ചില നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതും പൊലീസ് പരിശോധിച്ചു വരികയാണ്. വാഹനം ളാക്കാട്ടൂർ മേഖലയിൽ ഉള്ളതാണെന്ന് സംശയം പൊലീസിന് ഉണ്ട്. അതുകൊണ്ടുതന്നെ ആ മേഖല കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വാഹനം കണ്ടെത്തി പ്രതിയെ വൈകാതെ പ്രതിയെ പിടികൂടാൻ ശ്രമിക്കുമെന്ന് അയർക്കുന്നം പൊലീസ് അറിയിച്ചു.
