സിഎംഎസ് കോളജിലെ തന്നെ മറ്റൊരു വിദ്യാർത്ഥിക്ക് ഇന്നലെ അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവർക്കുള്ള വസ്ത്രങ്ങളും മറ്റും നൽകുന്നതിന് വേണ്ടിയാണ് പെൺകുട്ടിയും സുഹൃത്തും രാത്രി പുറത്തിറങ്ങിയത്. തുടർന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴി നഗരത്തിലെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചു. ഇവിടെ വച്ചാണ് പെൺകുട്ടിക്ക് നേരെ യുവാക്കൾ കമന്റ് അടിച്ചത്. യുവാക്കളുടെ കമന്റ് അടി പെൺകുട്ടിയും സുഹൃത്തും ചോദ്യം ചെയ്തത് പ്രകോപനത്തിന് കാരണമായി. ഇതോടെയാണ് വാക്കേറ്റവും ക്രൂരമായ അക്രമവും അരങ്ങേറിയത്.
advertisement
Also Read- അധ്യാപികയോട് അപമര്യാദയായി പെരുമാറി; ‘ഐ ലവ് യു’ പറഞ്ഞ് വീഡിയോ; പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്
സെൻട്രൽ ജംഗ്ഷനിലെ നടു റോഡിൽ വച്ചാണ് പെൺകുട്ടിയെയും സുഹൃത്തിനെയും മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചത്. നാട്ടുകാർ ഉൾപ്പെടെ കണ്ടുനിൽക്കുമ്പോഴാണ് പെൺകുട്ടി ആക്രമത്തിന് ഇരയായത്. നാട്ടുകാരാരും അക്രമം തടയാൻ കാര്യമായി ഇടപെട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഏതായാലും അപ്രതീക്ഷിതമായി ഉണ്ടായ അക്രമത്തിന്റെ ആഘാതത്തിലാണ് പെൺകുട്ടിയും സുഹൃത്തും. രാത്രി തന്നെ ഇവരെ രണ്ടുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതികളായ കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസ്ലം, അഷ്ക്കർ, ഷെബീർ എന്നിവരെ പിടികൂടാൻ ആയതിന്റെ ആശ്വാസത്തിലാണ് പോലീസ്. ഇന്നലെ രാത്രി തന്നെ സംഭവസ്ഥലത്ത് എത്തിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവരിൽ ഒരാൾക്കെതിരെ മുൻപ് കേസുള്ളതായി സംശയിക്കുന്നതായി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കെ കാർത്തിക് വിശദീകരിച്ചു. ഇത്തരം വിഷയങ്ങളെക്കുറിച്ച് പരിശോധിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇവരെ റിമാൻഡ് ചെയ്യുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും നടന്നുവരുന്നതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
നഗര ഹൃദയത്തിൽ പെൺകുട്ടി ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുമ്പോഴും രാത്രി പുറത്തിറങ്ങി നടക്കാൻ ആകാത്ത സ്ഥിതിയാണ് ഉള്ളതെന്ന് ഒരു വിഭാഗം ചൂണ്ടി കാണിക്കുന്നു. ഏതായാലും സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ചു തുടർനടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം. ഇന്ന് തന്നെ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാൻ ആണ് പോലീസ് ആലോചിക്കുന്നത്. ഏതായാലും തട്ടുകടയിൽ ഉണ്ടായ സംഭവമായതിനാൽ തന്നെ ദൃക്സാക്ഷികളുടെ കൂടി മൊഴിയെടുത്ത് തുടർന്ന് നടപടികൾ സ്വീകരിക്കാനാണ് പോലീസ് നീക്കം.