റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന ബിഹാർ സ്വദേശികളായ അമർദീപ്- റബീന ദേവി എന്നിവരുടെ കുഞ്ഞ് മേരിയെയാണ് കാണാതായത്. ഓൾസെയിന്റ്സ് കോളേജിനു സമീപത്തുനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കാണാതായ കുഞ്ഞിന് ഹിന്ദി മാത്രമേ സംസാരിക്കാൻ അറിയൂ എന്നാണ് പൊലീസ് നൽകുന്ന വിവരം. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കേണ്ട നമ്പറുകൾ: 0471–2501801, 9497990008, 9497947107.
സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്കൂട്ടർ സമീപത്തു കണ്ടതായി മൊഴിയുണ്ട്. മഞ്ഞ സ്കൂട്ടറാണ് വന്നതെന്നും അതിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കാണാതായ കുഞ്ഞിന്റെ മൂത്ത സഹോദരൻ വെളിപ്പെടുത്തി. സ്കൂട്ടറിൽ രണ്ടു പേർ ഉണ്ടായിരുന്നതായും സംശയമുണ്ട്. എന്നാൽ, അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് സമീപത്ത് രാത്രി ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ് അറിയിച്ചത്.
advertisement
പ്രദേശത്തെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പൊലീസ് അന്വേഷണം. കുട്ടിയെ കാണാതായ സ്ഥലത്തിനു സമീപത്തെ ചതുപ്പിലും പരിശോധന നടത്തുന്നുണ്ട്. കാണാതായ കുട്ടിയുടെ കുടുംബത്തിനൊപ്പമെത്തിയ ഇതര സംസ്ഥാനക്കാരെയും പൊലീസ് പരിശോധിക്കുന്നു. റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തുന്നുണ്ട്. ജില്ലാ അതിർത്തികളിലും പൊലീസ് കനത്ത ജാഗ്രതയിലാണ്. സ്ഥലത്ത് എത്തിച്ച പൊലീസ് നായ മണം പിടിച്ച് കുട്ടിയെ കാണാതായതിന്റെ 400 മീറ്റർ അകലെ വരെ പോയി.
അമർദീപ്- റബീന ദേവി ദമ്പതികൾക്ക് നാലു കുട്ടികളാണുള്ളത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് രണ്ടു വയസ്സുകാരിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. ഒരുമണിക്കു ശേഷം ഉണർന്നപ്പോൾ കുട്ടിയെ കണ്ടില്ലെന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴി. കറുപ്പും വെള്ളയും പുള്ളികളുള്ള ഒരു ടീഷര്‍ട്ട് മാത്രമാണ് കാണാതാകുമ്പോള്‍ കുഞ്ഞ് ധരിച്ചിരുന്നത്.