ശാരീരിക വൈകല്യമുള്ള പ്രതിക്ക് ഒറ്റയ്ക്ക് സെല്ലിന്റെ അഴികൾ മുറിച്ച് മാറ്റി 7 മീറ്റർ ഉയരമുള്ള മതിൽ ചാടി കടക്കാൻ സാധിക്കുമോ എന്നത് പരിശോധിക്കും. പ്രതിക്ക് രക്ഷപെടാൻ മറ്റ് സഹതടവുകാരിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. സെല്ലിനകത്ത് ഇയാൾ ഒറ്റയ്ക്കായിരുന്നു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുടർന്ന് പുലർച്ചെ 1.15ഓടെ ഗോവിന്ദച്ചാമി ജയിൽ ചാടിയതായാണ് സൂചന. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. തുടർന്ന് മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു.
advertisement
അതേസമയം, സംസ്ഥാന വ്യാപകമായി ഗോവിന്ദച്ചാമിക്കു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിയോടെയാണ് ജയിൽ അധികൃതർ പ്രതികളെ അകത്തു കയറ്റുന്നത്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം രാവിലെ 7 മണിയോടെയാണ് സ്ഥിരീകരിച്ചത്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ക്രൂരമായി ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.