സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയതിനെ തുടർന്ന് രാവിലെ 1.15ഓടെയാണ് ഇയാൾ ജയിൽ ചാടിയത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. തുടർന്ന് മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു. 7 മീറ്ററുള്ള മതിൽ ചാടിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്.
ഗോവിന്ദച്ചാമി സെല്ലിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങളുണ്ട്. ഏഴരമീറ്റർ ഉയരമുണ്ട് ചുറ്റുമതിലിന്. ഇതു കൂടാതെ, ഇലക്ട്രിക് ഫെൻസിങും മുകൾവശത്ത് സ്ഥാപിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമി ജയിൽ ചാടുന്ന സമയം ഇതിൽ വൈദ്യുതിയും ഇല്ലായിരുന്നെന്നാണ് റിപ്പോർട്ടുകൾ. പുറത്തുനിന്ന് സഹായം ലഭിച്ചുവെന്നും സൂചനയുണ്ട്. ആയിരത്തിലധികം തടവുകാരാണ് നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.
advertisement
അരംപോലുള്ള ഉപകരണം ഉപയോഗിച്ചാണ് സെല്ലിലെ കാസ്റ്റ് അയേണ്‍ കമ്പി മുറിച്ചത്. ഇതിന് പിന്നിൽ ദിവസങ്ങളുടെ ആസൂത്രണവും ഉണ്ടാകണം. സംസ്ഥാന വ്യാപകമായി ഗോവിന്ദച്ചാമിക്കു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിയോടെയാണ് ജയിൽ അധികൃതർ പ്രതികളെ അകത്തു കയറ്റിയത്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ക്രൂരമായി ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.