ചോർച്ചയിൽ ഗൗരവമായ ഉത്കണ്ഠ രേഖപ്പെടുത്തി ഫെബ്രുവരി 6ന് നടി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും ഇരയെന്ന നിലയിൽ തന്റെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കും അവർ കത്തിന്റെ പകർപ്പ് അയച്ചു.
തനിക്ക് കടുത്ത അനീതിയാണ് നേരിടേണ്ടി വന്നതെന്നും, ദൃശ്യങ്ങൾ ചോർന്നത് ശരിക്കും ഞെട്ടിക്കുന്നതാണെന്നും താരം കത്തിൽ പറഞ്ഞു. എറണാകുളത്തെ ജില്ലാ കോടതിയിൽ നിന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തായതെന്ന് സംശയിക്കുന്നു. പിന്നീട് സംസ്ഥാന ഫോറൻസിക് വിഭാഗവും ചോർച്ച സ്ഥിരീകരിച്ചു.
advertisement
ഹൈക്കോടതി വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഇതേക്കുറിച്ച് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകും. നടിയുടെ പരാതിയിന്മേൽ ഉചിതമായ നടപടിയെടുക്കാൻ ചീഫ് ജസ്റ്റിസ് ഹൈക്കോടതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തനിക്കെതിരെ രജിസ്റ്റർ ചെയ്ത പുതിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ആക്രമണക്കേസിൽ തനിക്കെതിരായ തെളിവുകൾ കൊണ്ടുവരാൻ അന്വേഷണ സംഘം പരാജയപ്പെട്ടതിനെ തുടർന്നാണ് പുതിയ ഗൂഢാലോചന സിദ്ധാന്തം കൊണ്ടുവന്നതെന്ന് ദിലീപ് ഹർജിയിൽ ആരോപിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരായ ബി. സന്ധ്യ (ഡി.ജി.പി.), എസ്. ശ്രീജിത്ത് (എ.ഡി.ജി.പി., ക്രൈം) എന്നിവരുടെ അറിവോടെയാണ് ഈ സിദ്ധാന്തം ഉരുത്തിരിഞ്ഞതെന്നും ദിലീപ് ആരോപിച്ചു. പുതിയ കേസിൽ കഴിഞ്ഞയാഴ്ച ഹൈക്കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
നടിയെ ആക്രമിച്ച വീഡിയോ ദിലീപിന്റെ കൈവശമുണ്ടെന്നും, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ബാലചന്ദ്രകുമാർ കഴിഞ്ഞ മാസം ആരോപിച്ചതിനെ തുടർന്നാണ് അഞ്ച് വർഷം പഴക്കമുള്ള നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പുതിയ വഴിത്തിരിവായത്.
2017 നവംബറിൽ നടന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ഇല്ലാതാക്കാൻ നടന്നതായി പറയപ്പെടുന്ന സംഭാഷണം തനിക്ക് അറിയാമെന്നും ബാലചന്ദ്രകുമാർ അവകാശപ്പെട്ടു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപിനും സഹോദരനും ഭാര്യാ സഹോദരനുമടക്കം നാല് പേർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. തന്റെ അവകാശവാദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിൽ ബാലചന്ദ്രകുമാർ ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവിട്ടു.