തെളിവുകൾ നൽകാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി പറഞ്ഞു. ദിലീപിന്റെ വാദങ്ങളെ പൂർണ്ണമായി തള്ളുകയായിരുന്നു കോടതി. ദിലീപ് ഫോണുകൾ സ്വന്തം നിലയിൽ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി ആവർത്തിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പ്രതികരണം.
ദിലീപ് തന്റെ ഫോണുകൾ ഫോറൻസിക് പരിശോധനക്കായി ലാബിലേക്ക് അയച്ചതായി കോടതിയെ അറിയിക്കുകയായിരുന്നു. ആർക്കാണ് ഇത്തരത്തിൽ പരിശോധനക്കയക്കാൻ അവകാശമെന്ന് കോടതി ചോദിച്ചു. കേന്ദ്ര അംഗീകൃത ഏജൻസികൾക്കാണ് അതിനുള്ള അവകാശം. അല്ലാത്ത പരിശോധനാ ഫലം നിയമപ്രകാരം സാധുതയില്ലെന്നും കോടതി ആമുഖമായി പറഞ്ഞു. സ്വന്തം നിലയിൽ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി ആവർത്തിച്ചു.
advertisement
സുപ്രീം കോടതി ഉത്തരവുകൾ അനുസരിച്ച്, സ്വകാര്യത നിലനിർത്താൻ തനിക്ക് അവകാശമുണ്ട്. മുൻ ഭാര്യയും ബന്ധുക്കളുമായുള്ള സ്വകാര്യ സംഭാഷണങ്ങൾ, തനിക്കെതിരെ ആരോപണമുന്നയിച്ച ബാലചന്ദ്രകുമാറുമായുള്ള സന്ദേശങ്ങൾ എന്നിവയാണ് ഫോണിലുള്ളത്.
സർക്കാർ നിയന്ത്രിത ഫോറൻസിക് ലാബിൽ ഫോൺ എത്തിയാൽ തെളിവുകൾ നശിപ്പിക്കാനും സ്വകാര്യ വിവരങ്ങൾ പുറത്തുപോവാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പോലീസിൻ്റെ ഫോൺ പരിശോധന അനുവദിക്കാനാവില്ല. പോലീസും മാധ്യമങ്ങളും ചേർന്ന് വേട്ടയാടുന്നു. കോടതിയ്ക്ക് തന്നോട് ദയവുണ്ടാകണം എന്നും ദിലീപ് അഭ്യർത്ഥിച്ചു. എന്നാൽ ഇത് ദയയുടെ കാര്യമല്ലെന്നാണ് കോടതിയുടെ മറുപടി.
2017ൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ചതാണ്. ഇപ്പോൾ ദിലീപിനെ കുടുക്കാനുള്ള തന്ത്രങ്ങളാണ് ക്രൈംബ്രാഞ്ച് ചെയ്യുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപിനെതിരായ അന്വേഷണമായി മാറ്റുകയാണ്. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ വിശ്വാസമില്ല. അത് പോലീസിന്റെ തന്നെ നിയന്ത്രണത്തിലുള്ളതാണ്. തന്റെ സ്വകാര്യതയോ മറ്റ് കാര്യങ്ങളോ അന്വേഷണ സംഘം പരിഗണിക്കുന്നില്ലെന്നുമാണ് ദിലീപ് കോടതിയിൽ വ്യക്തമാക്കുന്നത്.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. 2017 ഡിസംബറിൽ എം.ജി. റോഡിലെ ഫ്ളാറ്റിൽ വെച്ചും, 2018ൽ മെയ് മാസത്തിൽ പോലീസ് ക്ലബ്ബിൽ വെച്ചും, 2019ൽ സുഹൃത്ത് ശരത്തും സിനിമ നിർമ്മാതാവുമായും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഡാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഫോണുകൾ പരിശോധിക്കുന്നതിനായി അഞ്ച് ഏജൻസികളെ കണ്ടെത്തിയിട്ടുണ്ട്. ഇതിലൊന്ന് ദിലീപിന് തെരഞ്ഞെടുക്കാമെന്ന കോടതി പരാമർശത്തിനെതിരെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ രംഗത്തെത്തി. പരിശോധനാ ഏജൻസിയെ പ്രതിക്ക് തെരഞ്ഞെടുക്കാമെന്നതിൽ പൊതുജനം എന്ത് വിചാരിക്കുമെന്ന് ഡി.ജി.പി. ചോദിച്ചു. കേരളം ഇക്കാര്യങ്ങൾ കാണുന്നുണ്ട് എന്നോർക്കണം. എന്നാൽ കോടതിക്കെതിരെ രംഗത്ത് വരികയെന്നത് പോലീസ് പതിവാക്കിയിരിയ്ക്കുന്നു എന്ന് ദിലീപിൻ്റെ അഭിഭാഷകൻ ബി. രാമൻപിള്ള പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിയ്ക്കെതിരെയും പോലീസ് രംഗത്തെത്തിയെന്ന് അദ്ദേഹം പറഞ്ഞു.