2022 ജൂണിനും 2023 ജൂലൈ മാസത്തിനുമിടയിലാണ് തിരുവനന്തപുരത്തെ പദ്മവിലാസം റോഡിലെ എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം മോഷ്ടിക്കപ്പെട്ടത്. മോഷ്ടിക്കപ്പെട്ട എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയത്. വളരെ തന്ത്രപരമായാണ് ഇവര്‍ പണം തട്ടിയെടുത്തിരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
എടിഎം കാര്‍ഡുപയോഗിച്ച് ആദ്യം പണം പിന്‍വലിക്കും. ശേഷം പിന്‍വലിച്ച പണം എടിഎമ്മിന്റെ ക്യാഷ് ഡെലിവറി കമ്പാര്‍ട്ട്‌മെന്റിലെത്തുമ്പോള്‍ അതില്‍ ഒരു നോട്ട് ബാക്കി വെച്ച് ബാക്കി തുക മുഴുവന്‍ പ്രതികള്‍ കൈക്കലാക്കും. ഈ സമയം എടിഎം മെഷീനില്‍ പണിടപാട് പൂര്‍ത്തിയായില്ല എന്ന് രേഖപ്പെടുത്തുകയും ടൈം ഔട്ട് എറര്‍ മെസേജ് പ്രത്യക്ഷപ്പെടുകയും ചെയ്യും. ടൈം ഔട്ട് എറര്‍ ആയതിനാല്‍ അക്കൗണ്ട് ഉടമയുടെ പണം അക്കൗണ്ടില്‍ നിന്ന് നഷ്ടമാകുകയില്ല.
advertisement
എന്നാല്‍ എടിഎമ്മില്‍ നിക്ഷേപിച്ച തുകയുടെയും പിന്‍വലിക്കപ്പെട്ട പണത്തിന്റെയും കണക്കുകളില്‍ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അന്വേഷണത്തിനായി ഒരു സമിതിയെ നിയോഗിച്ചു. എന്നാല്‍ ആദ്യഘട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ സമിതിയ്ക്കും കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ല.
ബാങ്കിലെ ജീവനക്കാര്‍ തന്നെയാണോ ഈ തട്ടിപ്പിന് പിന്നിലെന്ന് വരെ സമിതി സംശയിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായി.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായത്. ഇതോടെയാണ് പ്രതികളെയും മോഷ്ടിക്കപ്പെട്ട എടിഎം കാര്‍ഡുപയോഗിച്ച് അവര്‍ നടത്തുന്ന മോഷണ രീതിയേയും പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചത്. ഉടന്‍ തന്നെ എസ്ബിഐ അധികൃതര്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.