ബദൗണിലെ വസീര്‍ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഓംസരണ്‍ മൗര്യ എന്നയാളാണ് തന്റെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാത്രി വൈകി ഭാര്യ അമരാവതിയോടൊപ്പം വീട്ടിലെത്തി. തുടര്‍ന്ന് അമരാവതിയെ കൊലപ്പെടുത്തി. ഇതിന് ശേഷം തങ്ങളെ ഒരുകൂട്ടം മോഷ്ടാക്കള്‍ ആക്രമിച്ചതായി ഭാര്യയുടെ സഹോദരനെയും സുഹൃത്തിനെയും ഫോണ്‍ വിളിച്ച് പറഞ്ഞു.
രഹസ്യമായി രണ്ടാം വിവാഹം, പിന്നാലെ കൊലപാതകം
കല്യാണങ്ങള്‍ക്ക് അലങ്കാര പണികള്‍ നടത്തുന്ന കരാര്‍ തൊഴിലായായി ജോലി ചെയ്ത് വരികയായിരുന്നു ഓംസരണ്‍. ബറേലിയിലെ ഒരു ബ്യൂട്ടിപാര്‍ലര്‍ ഉടമയായ മന്നത്തുമായി ഇയാള്‍ ബന്ധത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നിച്ച് ജോലി ചെയ്തിരുന്ന ഇവര്‍ തമ്മില്‍ അടുപ്പത്തിലാകുകയും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു.
advertisement
ആദ്യ ഭാര്യ അമരാവതിയെ അദ്ദേഹം ഫാഷന്‍ പോരെന്നും മതവിശ്വാസിയാണെന്നും വിശേഷിപ്പിച്ചിരുന്നു. രണ്ട് ഭാര്യമാരില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ മന്നത്ത് തന്നോട് ആവശ്യപ്പെട്ടതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മോഷണ കഥ
ആറോ ഏഴോ മോഷ്ടാക്കള്‍ ബൈക്കുകളിലെത്തി തങ്ങളെ കൊള്ളയടിക്കാന്‍ ശ്രമിച്ചതായി ഓംസരണ്‍ അവകാശപ്പെട്ടതായി അമര്‍ ഉജാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങള്‍ എതിര്‍പ്പോള്‍ അക്രമികള്‍ അമരാവതിയെ കൊലപ്പെടുത്തി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഇയാള്‍ ആരോപിച്ചു.
അര്‍ധരാത്രി 12.30ന് ഭാര്യയുടെ സഹോദരന്‍ ഭഗവാന്‍ ദാസിനെയും സുഹൃത്ത് അനില്‍ യാദവിനെയും ഓംസരണ്‍ സഹായത്തിനായി വിളിച്ചു. അനിലാണ് സംഭവം പോലീസിനെ അറിയിച്ചത്. അവര്‍ സ്ഥലത്തെത്തിയപ്പോള്‍ അമരാവതിയുടെ മൃതദേഹം റോഡിലായിരുന്നു. ഓംസരണിന്റെ ദേഹത്ത് മുറിവുകള്‍ ഉണ്ടായിരുന്നു. ഇയാളുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. കവര്‍ച്ചക്കാരുമായുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ചതാണെന്ന് ഇയാള്‍ അവകാശപ്പെട്ടു.
പോലീസ് സത്യം കണ്ടെത്തിയതെങ്ങനെ?
മോഷണശ്രമത്തിനിടെ ഒരു കൂട്ടം അക്രമികള്‍ ചേര്‍ന്ന് തങ്ങളെ ആക്രമിച്ചതായും അവര്‍ ഭാര്യയെ കൊലപ്പെടുത്തിയതായും ഓംസരണ്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് ഇയാളുടെ മൊഴി വിശ്വസിച്ചില്ല. പോലീസ് ഒരു ഫൊറന്‍സിക് സംഘത്തെ സ്ഥലത്തേക്ക് അയച്ചു. പോലീസ് അന്വേഷണത്തിനിടെ സംഭവസ്ഥലത്തുനിന്ന് വെറും 50 മീറ്റര്‍ അകലെ നിന്ന് ആഭരണങ്ങളും പണവും കണ്ടെടുത്തു.
ഓംസരണിന്റെ ഫോണ്‍ റെക്കോഡുകള്‍ പോലീസ് പരിശോധിച്ചു. കൊലപാതകം നടത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ഇയാള്‍ മന്നത്തിനെ ഫോണ്‍ വിളിച്ചിരുന്നതായുംകണ്ടെത്തി. തന്റെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഇരുമ്പ് ആയുധം ഉപയോഗിച്ചാണ് ഓംസരൺ ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. പോലീസ് ഓംസരണിന്റെ മുന്നില്‍ തെളിവുകള്‍ നിരത്തിയപ്പോള്‍ ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു.
മന്നത്തിനെതിരായ ആരോപണങ്ങള്‍
കൊലപാതകം നടക്കുമ്പോള്‍ മന്നത് സ്ഥലത്ത് ഇല്ലായിരുന്നുവെങ്കിലും കൊലപാതകം നടത്താന്‍ തന്നെ പ്രേരിപ്പിച്ചത് അവരാണെന്ന് ഓംസരണ്‍ പോലീസിനോട് പറഞ്ഞു. അവരുടെ അടുത്ത ബന്ധവും ഇരുവരും തമ്മിലുള്ള നീണ്ട ഫോണ്‍ സംഭാഷണങ്ങളും കോള്‍ റെക്കോഡിംഗും പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായതായി സൗത്ത് എസ് പി അന്‍ഷിക വര്‍മ പറഞ്ഞു. സംഭവത്തില്‍ മന്നത്തിനുള്ള കൃത്യമായ പങ്ക് വിചാരണയില്‍ കണ്ടെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓംസരണിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കേസില്‍ വേഗത്തില്‍ പ്രതിയെ പിടികൂടിയതിന് സംയുക്ത അന്വേഷണ സംഘത്തിന് പോലീസ് 25,000 രൂപ പാരിതോഷികം നല്‍കി.