സോഷ്യല്‍ മീഡിയ വഴിയാണ് താന്‍ പ്രതിയുമായി പരിചയത്തിലായതെന്നും പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് സെഷന്റെ മറവില്‍ ആണ്‍കുട്ടികളുടെ ഐഐഎം-സിയുടെ ഹോസ്റ്റലിലേക്ക് തന്നെ ക്ഷണിക്കുകയായിരുന്നുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചു. ഹോസ്റ്റലില്‍ എത്തിയപ്പോള്‍ സന്ദര്‍ശക രജിസ്റ്ററില്‍ ഒപ്പിടാന്‍ തന്നെ അനുവദിച്ചില്ലെന്നും അവര്‍ പറഞ്ഞു. ഹോസ്റ്റലിനുള്ളില്‍ കയറിയപ്പോള്‍ തനിക്ക് കഴിക്കാന്‍ പിസയും വെള്ളവും നല്‍കി. അവ കഴിച്ചതോടെ ബോധം നഷ്ടപ്പെട്ടു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ താന്‍ ഹോസ്റ്റലിനുള്ളിലാണെന്ന് മനസ്സിലായി. താന്‍ അബോധാവസ്ഥയിലായിരുന്നപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി അവര്‍ പറഞ്ഞു. എതിര്‍ത്തപ്പോള്‍ തന്നെ ഉപദ്രവിച്ചതായും അവര്‍ പരാതിയില്‍ ആരോപിച്ചു.
advertisement
തെക്കന്‍ കൊല്‍ക്കത്തയിലെ താക്കൂര്‍പുകുര്‍ പൊലീസ് സ്‌റ്റേഷനിലാണ് യുവതി ആദ്യം പരാതി നല്‍കിയത്. എന്നാല്‍, കൃത്യം നടന്ന ഐഐഎം-സി ക്യാംപസ് ഹരിദേവ്പൂര്‍ പൊലീസ് സ്‌റ്റേഷന്റെ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് മാറ്റി. പരാതി ലഭിച്ചതോടെ പൊലീസ് സ്ഥലം സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും കുറ്റം ആരോപിക്കപ്പെട്ട വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന് ഐഐഎം-സി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സൈബല്‍ ചതോപാധ്യായ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ''സംഭവം പൊലീസ് അന്വേഷിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ പ്രതികരിക്കാന്‍ കഴിയില്ല,'' അദ്ദേഹം പറഞ്ഞു.
എന്നാല്‍, തന്റെ മകള്‍ പീഡനത്തിന് ഇരയായിട്ടില്ലെന്ന് പെൺകുട്ടിയുടെ പിതാവ് അവകാശപ്പെട്ടത് ആശയക്കുഴപ്പം സൃഷ്ടിച്ചു. എന്റെ മകളെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്നും പീഡിപ്പിച്ചിട്ടില്ലെന്നും അയാള്‍ ശനിയാഴ്ച അവകാശപ്പെട്ടു. ''ഞാന്‍ മകളോട് സംസാരിച്ചു. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും അവള്‍ പറഞ്ഞു,'' പിതാവ് പറഞ്ഞു. ഐഐഎം-സിയിലെ വിദ്യാര്‍ത്ഥി0യെ പൊലീസ് അറസ്റ്റു ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതിനെപ്പറ്റി അറിയില്ലെന്നും ഇരയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ക്ക് മകളെ തിരികെ ലഭിച്ചുവെന്നും അവര്‍ സാധാരണപോലെ തുടരുന്നുവെന്നും പിതാവ് പറഞ്ഞു. സൗത്ത് കല്‍ക്കട്ട ലോ കോളേജ് കാംപസില്‍ ഒരു വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം പുറത്ത് വന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ഐഐമ്മിലെ സംഭവം പുറത്തുവരുന്നത്. ജൂണ്‍ 25നാണ് ലോ കോളേജിലെ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഈ കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികളെയും ഒരു കോളേജ് സെക്യൂരിറ്റി ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.