പി ഡി പി നേതാവ് അബ്ദുൾ നാസർ മദനിയെ കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ തമിഴ്നാട് സർക്കാരിന്റെ ബസ് കളമശേരിയിൽ വെച്ച് കത്തിച്ച കേസിലാണ് കൊച്ചി എൻ ഐ എ കോടതി ശിക്ഷ വിധി പ്രസ്തവിച്ചത്. തടിയന്റവിട നസീറിനും സാബിർ ബുഹാരിക്കും ഏഴ് വർഷം കഠിന തടവും 1,75,000 രൂപ പിഴയുമാണ് ശിക്ഷ. യു എ പി എ ഉൾപ്പെടെയുള്ള വകുപ്പുകളിലായി 39 വർഷവും ആറു മാസവും തടവാണ് ഇരുവർക്കും വിധിച്ചത്. ഉയർന്ന ശിക്ഷ കാലാവധിയായ 7 വർഷത്തെ തടവ് അനുഭവിച്ചാൽ മതിയെന്ന് കോടതി വിശദമാക്കി.
advertisement
താജുദ്ദീന് ആറ് വർഷം തടവും 1,10000 രൂപ പിഴയുമാണ് ശിക്ഷ. വിവിധ വകുപ്പുകളിലായി 35 വർഷമാണ് താജുദ്ദീനെ ശിക്ഷിച്ചത്. 2005 ൽ നടന്ന സംഭവത്തിൽ വിചാരണ ആരംഭിച്ചിരുന്നില്ല. കുറ്റം സമ്മതിച്ചതായി മൂന്ന് പ്രതികളും കോടതിയെ അറിയിച്ചതോടെയാണ് വിസ്താരം നടത്താതെ കോടതി വിധി പ്രസ്തവത്തിലേക്ക് കടന്നത്.
റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിച്ചാൽ ഇളവ് ലഭിക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. മൂന്ന് പ്രതികളുടെയും റിമാൻഡ് കാലാവധിയായി ശിക്ഷ കാലാവധിയായി പരിഗണിക്കാനും കോടതി ഉത്തരവിട്ടു. പതിനാല് പ്രതികളുണ്ടായിരുന്ന കേസിൽ ഒരാൾ മാപ്പുസാക്ഷിയും ഒരാൾക്ക് നേരത്തെ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. മദനിയുടെ ഭാര്യ സൂഫിയ മദനി ഉൾപ്പെടെയുള്ളവരുടെ വിചാരണ വൈകാതെ ആരംഭിക്കും.
കോയമ്പത്തൂർ സ്ഫോടന കേസിൽ ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബർ 9 നാണ് കളമശ്ശേരിയിൽ പ്രതികൾ ബസ് കത്തിക്കുന്നത്. ബസ് കത്തിക്കൽ കേസിൽ അഞ്ചാം പ്രതിയായ കെ. എ. അനൂപിന് കഴിഞ്ഞ വർഷം ജൂലൈയിൽ ആറ് വർഷം കഠിന തടവും 1,60,000 രൂപ പിഴയും വിധിച്ചിരുന്നു. അനൂപ് ഒഴികെയുള്ള പ്രതികൾ പല കേസുകളിലായി തടവിൽ തുടരുന്നതാണ് വിചാരണ വൈകാൻ ഇടയാക്കിയത്. 2010ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിന്റെ വിചാരണ 2019 ൽ മാത്രമാണ് തുടങ്ങിയത്. തടിയന്റവിട നസീർ, സൂഫിയ മഅ്ദനി ഉൾപ്പെടെ 13 പ്രതികളുടെ വിചാരണയായിരുന്നു നടന്നിരുന്നത്.
കളമശേരി ബസ് കത്തിക്കൽ
2005 സെപ്റ്റംബർ 9 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂർ സ്ഫോടന കേസിൽ തടവിലായിരുന്ന പിഡിപി നേതാവ് അബ്ദുൾനാസർ മഅ്ദനിയെ ജയിലിൽനിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികൾ ബസ് കത്തിച്ചത്.