വ്യാഴാഴ്ച രാവിലെ മുലയൂട്ടുന്നതിനിടെ കുഞ്ഞ് ബോധരഹിതയായി മരിച്ചെന്നായിരുന്നു ബെനിറ്റയുടെ ആദ്യ മൊഴി. ഇതോടെ മുലപ്പാൽ കുരുങ്ങിയതാണ് മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, ഭാര്യ കുഞ്ഞിനെ ഉപദ്രവിച്ചതായി സംശയമുണ്ടെന്ന് ഭർത്താവ് കാർത്തിക് പോലീസിനെ അറിയിച്ചതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ നെറ്റിയിൽ രക്തം കട്ടപിടിച്ചതായും തൊണ്ടയിൽ നിന്ന് ടിഷ്യു പേപ്പറിന്റെ കഷണം കണ്ടെത്തിയതായും തെളിഞ്ഞു. ഇതോടെ ടിഷ്യു പേപ്പർ വായിൽ തിരുകി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ബെനിറ്റയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
advertisement
ദിണ്ടിഗൽ സ്വദേശിയായ കാർത്തികുമായി ബെനിറ്റ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ ഇവർ രഹസ്യമായി വിവാഹം കഴിച്ചു. കുഞ്ഞ് ജനിച്ചതറിഞ്ഞ് കാർത്തികിന്റെ അമ്മ ഇവരെ കാണാൻ വന്നു. എന്നാൽ പെൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ "രാശി ശരിയല്ല" എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും വഴക്കിടുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും കാർത്തികിന്റെ അമ്മ ഇവരെ ഇറക്കിവിട്ടു.
ഇതോടെ ബെനിറ്റയും ഭർത്താവും കുഞ്ഞുമായി കന്യാകുമാരിയിലെ സ്വന്തം വീട്ടിലേക്ക് വന്നു. ഇവിടെ എത്തിയതിന് ശേഷവും ബെനിറ്റയും അമ്മായിയമ്മയും ഫോണിലൂടെ വഴക്കുണ്ടാക്കിയെന്ന് പോലീസ് പറയുന്നു. അമ്മായിയമ്മ വഴക്കുണ്ടാക്കിയപ്പോൾ ഭർത്താവ് അവർക്ക് അനുകൂലമായി സംസാരിച്ചുവെന്ന് പറഞ്ഞ് ബെനിറ്റ കാർത്തികുമായി വഴക്കിട്ടു. ദേഷ്യത്തിൽ കുഞ്ഞിനെ ചുമരിലേക്ക് എറിഞ്ഞതായും, കുട്ടിയുടെ തലയ്ക്ക് മുറിവേറ്റതായും കാർത്തിക് പോലീസിനോട് വെളിപ്പെടുത്തി. ഈ സംഭവത്തിന് ശേഷമാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നത്.