ഈ സാഹചര്യത്തിൽ പ്രതിയുടെ ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. കാരണം, 24 മണിക്കൂറിൽ അധികം സമയം ഗവൺമെന്റ് ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിൽ ഇരുന്നാൽ സർവീസ് ചട്ടമനുസരിച്ച് ജോലിയിൽ നിന്നും പിരിച്ചുവിടാൻ സാധ്യതയേറെയാണ്.
വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെത്തി രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്ത് ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എൻഎസ്എസ് ഹോസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ് പ്രഭാകരൻ കരിച്ചേരിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണിത്.ഭാരതീയ ന്യായ സംഹിത 153 എ പ്രകാരം ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസ്.
advertisement
ഇംഗ്ലണ്ടിൽ നേഴ്സ് ആയിരുന്ന രഞ്ജിതയെ അവരുടെ മരണത്തിന് മണിക്കൂറുകൾക്കുള്ളിൽ ലൈംഗികമായും തൊഴിൽപരമായും ജാതീയമായും അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ പ്രതികരിച്ച പവിത്രനെ സര്‍ക്കാർ സസ്പെൻഡ‍് ചെയ്തിരുന്നു.
വെള്ളിയാഴ്ച രാവിലെ ന്യൂസ് 18 വാർത്ത പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട റവന്യൂമന്ത്രി കെ രാജൻ ഇടപെട്ടാണ് മുതിർന്ന റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടി വന്നത്.അതി ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വൻദുരന്തത്തിൽ നാടാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴായിരുന്നു ദുരന്തത്തിൽ ജീവൻപൊലിഞ്ഞ മലയാളി യുവതിയെ ഫേസ്ബുക്ക് വഴി ഇയാൾ പരസ്യമായി അപമാനിച്ചത്. അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു ഉദ്യോഗസ്ഥന്റെ കമന്റുകൾ. രഞ്ജിതയെ ജാതീയമായും അധിക്ഷേപിച്ചു.
വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഇയാൾ സമൂഹത്തിലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥനെന്ന നില പോലും മറന്ന് പവിത്രൻ ആദ്യം അശ്ലീല കമന്റിട്ടത്. അപകടം നടന്ന് നിമിഷങ്ങൾക്കകമായിരുന്നു ഇത്. മരിച്ച സ്ത്രീയുടെ തൊഴിലിനെയും സമുദായത്തെയും കുറിച്ച് മ്ലേച്ഛമായ അശ്ളീലഭാഷയിലായിരുന്നു കമന്റുകൾ.
പോസ്റ്റ് വിവാദമായതോടെ മാപ്പപേക്ഷിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇയാൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായി. വിമാനാപകടത്തിനുശേഷം മരിച്ചവരെ തിരിച്ചറിഞ്ഞ് മലയാളികൾ ഉണ്ടെന്നറിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ ഇട്ട ഒരു പോസ്റ്റിന് പോസ്റ്റിലാണ് അശ്ലീല കമന്റിട്ടത്. പിന്നീട് സമാനമായ പോസ്റ്റും ഇട്ടു.പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. പലരും മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ടാഗ് ചെയ്തു കൊണ്ട് സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചിരുന്നു.
മുൻമന്ത്രിയും എംഎല്‍എയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിനും പവിത്രനെ 9 മാസം മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാറായിരിക്കെ കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇത്.