കൂടത്തായി കൊലപാതക പരമ്പരയിലെ ആറു മരണങ്ങളുടെയും കാരണം വിഷം ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങളോടെയാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. കൊലപ്പെടുത്താൻ ഉപയോഗിച്ചത് സയനൈഡ് ആയിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുരുഹ മരണങ്ങളിൽ ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ബാക്കിയുള്ളവരുടെ മരണകാരണം തേടിയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മെഡിക്കല്‍ ബോര്‍ഡിനെ സമീപിച്ചത്.
ജോളി പിടിയിലായ സമയത്ത് നല്കിയ മൊഴിയിലെ ശാസ്ത്രീയ വൈരുദ്ധ്യങ്ങളും മെഡിക്കല്‍ ബോര്‍ഡില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഒന്നര വയസുള്ള ആല്ഫൈന് തൊണ്ടയിൽ ഭക്ഷണം കുരുങ്ങിയാണ് മരിച്ചതെന്നായിരുന്നു ജോളിയുടെ ആദ്യഘട്ടത്തിലെ മൊഴി. എന്നാല്‍ ആല്ഫൈന് മരണ സമയത്ത് നിലവിളിച്ചതായി ദൃക്സാക്ഷി മൊഴിയുണ്ട്. തൊണ്ടയില്‍ ഭക്ഷണ പദാർത്ഥം കുരുങ്ങിയാല്‍ നിലവിളിക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അന്വേഷണ സംഘത്തെ അറിയിച്ചു.
advertisement
സിലിയുടേത് അടക്കമുള്ളവരുടെ മരണം അപസ്മാരം മൂലമെന്ന മൊഴിയും ആദ്യഘട്ടത്തില്‍ ജോളി നല്‍കിയിരുന്നു. അപസ്മാരം മൂലം മരിക്കാനുള്ള സാധ്യത തീരെ കുറവാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് നല്കിയ റിപ്പോര്‍ട്ട്. കേസിൽ പരമാവധി ശാസ്ത്രീയ തെളിവുണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ക്രൈം ബ്രാഞ്ച് മെഡിക്കൽ ബോർഡിന്റെ സഹായം തേടിയത്.
അതേസമയം വ്യാജ ഒസ്യത്ത് ടൈപ്പ് ചെയ്ത ഫറോക്കിലെ സ്ഥാപത്തില്‍ ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൈപ്പിങ് ജോലി നോക്കിയ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.