2017ൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ജയമാധവൻ നായരെ മെഡിക്കൽ കോളജിലെത്തിച്ചത് തന്റെ ഓട്ടോറിക്ഷയിൽ ആണെന്നായിരുന്നു സുമേഷ് ജില്ലാ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കാര്യസ്ഥൻ രവീന്ദ്രൻ നായർ, ജോലിക്കാരി ലീല എന്നിവർ ഒപ്പമുണ്ടായിരുന്നതായും സുമേഷ് വ്യക്തമാക്കി. എന്നാൽ മൊഴിയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കള്ളിവെളിച്ചത്തായത്. കാര്യസ്ഥൻമാരായ രവീന്ദ്രൻ നായർ, സഹദേവൻ എന്നിവരുടെ നിർദേശ പ്രകാരമാണ് വ്യാജമൊഴി നൽകിയതെന്ന് ഇയാൾ സമ്മതിച്ചു. മാത്രമല്ല ഇതിനായി അഞ്ച് ലക്ഷം രൂപ വാഗ്ദാനം നൽകിയതായും ഇയാൾ വെളിപ്പെടുത്തി.
advertisement
Also Read- അമ്മയെയും സഹോദരിമാരെയും നിരന്തരം ബലാത്സംഗം ചെയ്തു; കുടുംബാംഗങ്ങൾ യുവാവിനെ കൊന്നു
ജയമാധവൻ നായരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട് രണ്ടു കാര്യസ്ഥൻമാരുടെയും മൊഴികളിലെ വൈരുധ്യം നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. സഹദേവൻ ഏർപ്പാടാക്കിയ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു 2017ൽ കരമന പൊലീസിൽ നൽകിയ മൊഴി. എന്നാൽ ഉമാമന്ദിരത്തിൽ നിന്നും പുറത്തിറങ്ങി താൻ പിടിച്ച ഓട്ടോയിലാണ് ജയമാധവൻ നായരെ മെഡിക്കൽ കോളജിലെത്തിച്ചതെന്നായിരുന്നു 2019ൽ ജില്ലാ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ജയമാധവന്റെ മരണ വിവരം പോലും തന്നെ അറിയിച്ചിരുന്നില്ലെന്ന് സഹദേവനും പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഈ വൈരുധ്യം മറികടക്കാനാണ് വ്യാജസാക്ഷിയെ ഇറക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
