സംഭവവുമായി ബന്ധപ്പെട്ട് ഒളശ്ശ ഇല്ലത്തു കവല മാളിയേക്കൽ വീട്ടിൽ ഗോപാലൻ മകൻ പ്രസന്നൻ (56) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. അയ്മനത്ത് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന സരോജിനി എന്ന വയോധികയെ ആണ് ഇയാൾ ആക്രമിച്ച് സ്വർണ്ണം കവർന്നത്. സരോജിനി രണ്ട് ആടിനെ വളർത്തിയിരുന്നു. പ്രസന്നൻ ആടിന് കൊടുക്കാൻ പ്ലാവിലയുമായി 26 ന് രാവിലെ ഇവരുടെ വീട്ടിലെത്തുകയും വിലയായി 50 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പ്ലാവില വാങ്ങിയ ശേഷം പണം എടുക്കാനായി വയോധിക അടുക്കളയിലേക്ക് പോയപ്പോൾ ഇയാൾ പിന്നിലൂടെ ചെന്നു. അരിപ്പെട്ടിയിൽ നിന്നും പണം എടുക്കുന്നതിനിടയിൽ തല പലതവണ അരിപ്പെട്ടിയിൽ ഇടിപ്പിച്ച് അബോധാവസ്ഥയിൽ ആക്കി കഴുത്തിൽ കിടന്ന മൂന്നു പവൻ വരുന്ന സ്വർണമാലയും കൈയിലെ മൂന്ന് വളകളും ഊരിയെടുത്ത് കടന്നു കളയുകയായിരുന്നു. സരോജിനിയെ കാണാഞ്ഞതിനെ തുടർന്ന് ബന്ധു അടുത്ത ദിവസം വീട്ടിൽ എത്തുമ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന വയോധികയെ കാണുന്നത്.
advertisement
തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയും കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വയോധികയുടെ വീട്ടിലെത്തി പരിശോധന നടത്തി.
അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന വയോധികയ്ക്ക് പ്രതിയെ അറിയാമായിരുന്നെങ്കിലും കൃത്യമായ വിവരങ്ങൾ നൽകാൻ സാധിച്ചിരുന്നില്ല. ആറു മാസം മുൻപ് വീട്ടിൽ ജോലിയ്ക്ക് എത്തിയ ആളാണ് എന്നു മാത്രമാണ് പറയാൻ സാധിച്ചിരുന്നത്. തുടർന്ന് പൊലീസ് വിവരങ്ങൾ ചോദിച്ച് അറിഞ്ഞപ്പോഴാണ് സംഭവ ദിവസം വീട്ടിൽ പ്ലാവില എത്തിച്ചിരുന്നതായി വയോധിക വ്യക്തമാക്കിയത്. തുടർന്ന് പ്രദേശത്ത് വെട്ടിയ പ്ലാവുകളിൽ നിന്നും പ്ലാവില ശേഖരിച്ചവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് പ്രതിയിലേയ്ക്ക് അന്വേഷണം എത്തിയതും ഇയാളെ അറസ്റ്റ് ചെയ്തതും.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ മാരായ ടി.ശ്രീജിത്ത്, ജയകുമാർ കെ, കുര്യൻ കെ കെ, എ.എസ്.ഐ അനീഷ് വിജയൻ, സി.പി.ഓ മാരായ വിഷ്ണുവിജയദാസ്, വിജയ് ശങ്കർ, ഷൈൻ തമ്പി തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.