ഇൻസ്പെക്ടർ ആദിത്യ ശർമ്മ പറയുന്നതനുസരിച്ച്, ലുധിയാനയിൽ വച്ചാണ് രാധികയും സുനിൽ കുമാറും പരിചയപ്പെടുന്നത്. ജോലി തേടിയാണ് യുവാവ് തന്റെ ഗ്രാമത്തിൽ നിന്നും ലുധിയാനയിൽ എത്തിച്ചേർന്നത്. സുനിൽ കുമാറിന് ജോലി ലഭിച്ച ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു രാധിക. ഇരുവരും പെട്ടന്ന് തന്നെ അടുപ്പത്തിലായി. തുടർന്ന് 6 മാസം മുൻപ് ഫത്തേഗഞ്ച് പ്രദേശത്ത് വാടകയ്ക്ക് വീട് എടുത്ത് ഇരുവരും താമസം ആരംഭിച്ചു. എന്നാൽ അടുത്തിടെ രാധിക മുമ്പ് വിവാഹിതയായിരുന്നുവെന്ന കാര്യം സുനിൽ കണ്ടെത്തി. ഇത് ഇയാളെ പ്രകോപിപ്പിച്ചു.
advertisement
കൃത്യം നടന്ന ദിവസം യുവതിയുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായതായി പൊലീസ് പറയുന്നു. പല ആവർത്തി ചോദിച്ചിട്ടും വിവാഹ വിവരം രാധിക തുറന്ന് പറയാത്തത് തർക്കം രൂക്ഷമാവാൻ ഇടയാക്കി. തുടർന്ന് കുപിതനായ പ്രതി രാധികയുടെ കൈകാലുകൾ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതി മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട രാധികയുടെ സഹോദരൻ രാഹുൽ മരണത്തിൽ ദുരൂഹത ആരോപിച്ച് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നത്. ധനേപൂർ സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ വെച്ചാണ് സുനിൽ കുമാറിനെ പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.