ഇർഷാദ് സ്വർണ്ണവുമായി രക്ഷപ്പെട്ടെന്ന് പറഞ്ഞ് ഭീഷണി സന്ദേശം പതിവാണെന്ന് വീട്ടുകാർ പറഞ്ഞു. ഇർഷാദിനെ നിലത്ത് കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കൾക്ക് സ്വര്‍ണക്കടത്ത് സംഘം അയച്ചു കൊടുത്തിട്ടുണ്ട്. സംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു.
നിക്ഷേപ തട്ടിപ്പ് നടത്തിയ പ്രതിയുടെ ബിസിനസ് പങ്കാളിയെ തട്ടിക്കൊണ്ടുപോയി : 5 പേർ അറസ്റ്റിൽ
കണ്ണൂർ തളിപ്പറമ്പിൽ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതിയുടെ ബിസിനസ് പങ്കാളിയെ തട്ടിക്കൊണ്ടു പോയവരെ പോലീസ് പിടികൂടി. മഴൂരിലെ പി.കെ സുഹൈറിനെ തട്ടികൊണ്ട് പോയ സംഭവത്തിൽ അഞ്ച് പേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.
advertisement
തളിപ്പറമ്പ സിച്ച് റോഡിലെ ചുള്ളിയോടൻ പുതിയ പുരയിൽ ഇബ്രാഹിം (30) കുറുമാത്തൂർ വെള്ളാരംപാറയിലെ ആയിഷാസിൽ മുഹമ്മദ് സുനീർ (28), തളിപ്പറമ്പ കാക്കത്തോടിലെ പാറപ്പുറത്ത് മൂപ്പൻ്റകത്ത് മുഹമ്മദ് ഷാക്കീർ (31), യത്തീംഖാനക്ക് സമീപത്തെ കൊമ്മച്ചി പുതിയപുരയിൽ ഇബ്രാഹിം കുട്ടി (35), മന്ന സ്വദേശി കായക്കൂൽ മഹമ്മദ് അഷറഫ് (43) എന്നിവരാണ് പിടിയിലായത്.
തളിപ്പറമ്പ് ഡി.വൈ.എസ്.പി. എം.പി വിനോദ്കുമാർ, സി.ഐ ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി മുതൽ തൻറെ മകനെ കാണാനില്ലെന്ന് പി. കെ സുഹൈറിന്റെ ഉമ്മ അത്തിക്കാം പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിയത്. സുഹൈറിനെ തടിക്കടവിലെ വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
തന്നെ ആരും തട്ടിക്കൊണ്ടു പോയില്ല എന്നായിരുന്നു സുഹൈർ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ തട്ടിക്കൊണ്ടു പോകലിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തി.
ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ വൻ ലാഭം കൊയ്യാം എന്ന ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് 100 കോടിയുടെ നിക്ഷേപ തട്ടിപ്പ് തളിപ്പറമ്പിൽ നടന്നതായി പരാതി ഉയർന്നിരുന്നു. കണ്ണൂർ ചപ്പാരപ്പടവിൽ താമസിച്ചിരുന്ന 22 കാരനാണ് ആളുകളെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയതായി പരാതി ഉയർന്നത്. ഇയ്യാൾ തളിപ്പറമ്പിന് അടുത്ത് ട്രെയ്ഡിംഗ് ബിസിനസ് സ്ഥാപനം നടത്തിയിരുന്നു. ഇയാളുടെ ബിസിനസ് പങ്കാളിയായിരുന്നു സുഹൈർ .
പതിനഞ്ച് ദിവസം കൊണ്ട് മുപ്പത് ശതമാനത്തിൽ അധികം തുക നൽകാമെന്ന് പറഞ്ഞാണ് ആളുകളിൽനിന്ന് യുവാവ് തുക സമാഹരിച്ചത്. ചിലർക്ക് ആദ്യഘട്ടത്തിൽ ലാഭം നൽകുകയും ചെയ്തു. എന്നാൽ പലരും ലാഭം കിട്ടിയ പണം വീണ്ടും ഇയാളുടെ പക്കൽ തന്നെ നിക്ഷേപിച്ചു. വൻ തുക മോഹിച്ച് പലരും രണ്ടു ലക്ഷത്തോളം രൂപ വീതം വരെ ഇയാൾക്ക് നൽകിയിട്ടുണ്ട്. ഒടുവിൽ പണവും ലാഭവും എല്ലാം എടുത്ത് യുവാവ് കടന്നു കളഞ്ഞതായാണ് പരാതി.
ഇടപാടുകാർക്ക് ഇയാൾ പണം സ്വീകരിച്ചതായും 30 ശതമാനത്തിലധികം ലാഭം നൽകാമെന്ന് ഉറപ്പ് നൽകുന്നതായും മുദ്ര പത്രത്തിൽ എഴുതി നൽകും . ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കാനും ഇരുപത്തിരണ്ടുകാരന് പ്രത്യേകം കഴിവുണ്ടായിരുന്നതായി നാട്ടുകാർ ചിലർ പറയുന്നു.
സമ്പന്നർ മുതൽ സാധാരണക്കാർ വരെ യുവാവിന്റെ കെണിയിൽ വീണതായാണ് വിവരം. വിവിധ വാട്സ്ആപ്പ് കൂട്ടായ്മകളിലും സാമൂഹ്യ മാധ്യമങ്ങളിലും യുവാവിന്റെ വിവിധതരത്തിലുള്ള ഫോട്ടോകളും തട്ടിപ്പിനെ സംബന്ധിച്ചുള്ള വിശദാംശങ്ങളും പ്രചരിക്കുന്നുണ്ട്. ഫോട്ടോകളിൽ ആഡംബര ജീവിതം നയിക്കുന്ന ആളാണ് യുവാവ് എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് വസ്ത്രധാരണം.