ഒരുകൂട്ടം കോളെജ് വിദ്യാര്‍ത്ഥികള്‍ നിരവധി വിദ്യാര്‍ത്ഥിനികളെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നും ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും, കൂടുതല്‍ പെണ്‍കുട്ടികളെ പരിചയപ്പെടുത്താന്‍ ഈ വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇരകളെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
മുന്‍ ഐപിഎസ് ഓഫീസര്‍ നിര്‍മ്മല്‍ കൗറിന്റെ നേതൃത്വത്തിലുള്ള ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണ കമ്മിറ്റിയാണ് ഇതില്‍ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിനായി മേയ് മൂന്ന് മുതല്‍ അഞ്ച് വരെ സമിതി ഭോപ്പാല്‍ സന്ദര്‍ശിച്ചു. അഭിഭാഷക നിര്‍മ്മല നായക്, അണ്ടര്‍ സെക്രട്ടറി അശുതോഷ് പാണ്ഡെ എന്നിവരാണ് വനിതാ കമ്മീഷൻ സമിതിയിലുണ്ടായിരുന്ന മറ്റ് അംഗങ്ങൾ.
advertisement
സന്ദര്‍ശനത്തിനിടെ ഇരകളുമായും അവരുടെ കുടുംബാംഗങ്ങളുമായും പോലീസ് ഉദ്യോഗസ്ഥരുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണ സമിതി അംഗങ്ങള്‍ സംസാരിച്ചു. ഇരകളെ മയക്കുമരുന്ന് നല്‍കി ലൈംഗികാതിക്രമത്തിന് വിധേയരാക്കിയതായി ആരോപിക്കപ്പെടുന്ന സ്ഥലങ്ങളും കമ്മിറ്റി പരിശോധിച്ചു.
പ്രതികള്‍ പെണ്‍കുട്ടികള്‍ക്ക് വില കൂടിയ സമ്മാനങ്ങളും വാഹനങ്ങളും വാഗ്ദാനം ചെയ്ത് വശീകരിച്ചതായും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനായി മയക്കുമരുന്ന് നല്‍കി അധിക്ഷേപാര്‍ഹമായ ചിത്രങ്ങള്‍ പകര്‍ത്തിയതായും കമ്മിറ്റി അന്വേഷണത്തില്‍ കണ്ടെത്തി. ചില കേസുകളില്‍ പെണ്‍കുട്ടികളെ മതം മാറ്റാനും പ്രതികള്‍ സമ്മര്‍ദ്ദം ചെലുത്തിയതായാണ് ദേശീയ വനിതാ കമ്മീഷന്റെ കണ്ടെത്തല്‍.
കടുത്ത മാനസിക സംഘര്‍ഷവും സാമൂഹിക സമ്മര്‍ദ്ദവും നേരിട്ടിട്ടും ഇരകള്‍ പരാതി നല്‍കികൊണ്ട് പ്രതികള്‍ക്കെതിരെ പോരാടാന്‍ അസാമാന്യ ധൈര്യം കാണിച്ചുവെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രതികള്‍ സാമ്പത്തികമായി താഴ്ന്ന പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെങ്കിലും അവരുടെ ആഡംബരപൂര്‍ണ്ണമായ ജീവിതശൈലി മയക്കുമരുന്ന് കടത്തിലേക്കും സംഘടിത കുറ്റകൃത്യങ്ങള്‍ക്കുള്ള സാധ്യതയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നതെന്നും കമ്മിറ്റി വ്യക്തമാക്കി.
പ്രതികളുടെ പശ്ചാത്തലത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പുറത്തുനിന്നുള്ള ധനസഹായമോ രാഷ്ട്രീയപരമായ സ്വാധീനമോ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇരകളെ യഥാര്‍ത്ഥ പോരാളികളായി ചിത്രീകരിക്കണമെന്നും അവരുടെ വ്യക്തിത്വത്തിനോ അന്തസ്സിനോ കോട്ടം വരുത്താതെ മാധ്യമങ്ങള്‍ സെന്‍സിറ്റീവായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കോളേജുകള്‍ക്ക് സംഭവിച്ച സ്ഥാപനപരമായ ഉത്തരവാദിത്തങ്ങളിലെ വീഴ്ചകളും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എല്ലാ കോളേജുകളും 2013-ലെ പോഷ് നിയമം അല്ലെങ്കില്‍ ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം (തടയല്‍, നിരോധനം, പരിഹാരം) നിയമം പ്രകാരം നിര്‍ബന്ധിത റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്റേണല്‍ കമ്മിറ്റികള്‍ക്ക് പ്രവർത്തിപ്പിക്കാനും അതുമായി ബന്ധപ്പെട്ട
ഹെൽപ്പ്‌ലൈൻ നമ്പറുകൾ വ്യക്തമായി പ്രദർശിപ്പിക്കുക, പ്രത്യേകിച്ച് സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കുന്ന കോളേജുകളിലെ പ്രവേശനം, കൊഴിഞ്ഞുപോക്ക് രേഖകൾ സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.
ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പദ്ധതികള്‍, ഭൂമി, വിദ്യാഭ്യാസ ഫണ്ടുകള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കമ്മീഷന്‍ തയ്യാറാക്കിയ സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് മധ്യപ്രദേശ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചു. കേസിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലും ദൃഢനിശ്ചയത്തോടെയും നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.