യുവതിയുടെ സഹപ്രവർത്തകൻ വീട്ടിലെത്തിയതിനെ ചോദ്യം ചെയ്താണ് രാധാകൃഷ്ണനും സംഘവും ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുമായി കഴിയുന്ന മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തത്. മാധ്യമ പ്രവർത്തകൻ കൂടിയായ യുവതിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു പ്രസ് ക്ലബ് സെക്രട്ടറിയും സംഘവുമെത്തിയത്.
ശനിയാഴ്ച രാത്രി പത്തു മണിയോടെ യുവതിയുടെ വീട്ടിൽ വന്ന് മടങ്ങിയ സുഹൃത്തിനെ രാധാകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം ചോദ്യം ചെയ്യുകയും വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. വീട്ടിലേക്ക് ഇവർ അതിക്രമിച്ച് കയറിയെന്നും പരാതിയിൽ പറയുന്നു.
advertisement
സഹപ്രവർത്തകനായ സുഹൃത്ത് എന്തിനാണ് രാത്രി വീട്ടിലെത്തിയെന്ന് ചോദിച്ച രാധാകൃഷ്ണൻ മോശം ഭാഷയിലാണ് തന്നോട് സംസാരിച്ചതെന്നും യുവതി ആരോപിക്കുന്നു. ഇതിനിടെ സഹപ്രവർത്തകനെ രാധാകൃഷ്ണനും സംഘവും മർദ്ദിച്ചെന്നും പരാതിക്കാരി പറയുന്നു. തുടര്‍ന്ന് തന്നെയും മക്കളേയും മറ്റൊരു മുറിയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി. ഭര്‍ത്താവിനെ വിളിക്കാമെന്ന് പറഞ്ഞെങ്കിലും അതിന്റെ ആവശ്യമില്ലെന്നും നിങ്ങള്‍ സമ്മതിച്ചാല്‍ ആരും അറിയാതെ പ്രശ്നം ഒതുക്കിതീര്‍ക്കാമെന്ന് പറഞ്ഞെന്നും യുവതി ആരോപിക്കുന്നു.
'വീടിന്റെ വാതിലില്‍ മുട്ടുകേട്ട് വാതില്‍ തുറന്നു നോക്കി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കുറച്ചു പേർ മുറ്റത്ത് നിൽക്കുന്നു. അൽപം മുൻപ് വീട്ടില്‍ നിന്നും മടങ്ങിയ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോള്‍, ഇയാൾ എപ്പോഴും ഇവിടെ വരാറുണ്ടെന്ന് നാട്ടുകാര്‍ വിളിച്ചറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇവിടെ എത്തിയിരുന്നതെന്നായിരുന്നു രാധാകൃഷ്ണന്റെ മറുപടി. ഇതും പറഞ്ഞ് രാധാകൃഷ്ണനും സംഘവും അതിക്രമിച്ച് കയറി. സുഹൃത്തിനെ തല്ലുകയും എന്നേയും മക്കളേയും റൂമിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോവുകയും ചെയ്തു.' - പരാതിക്കാരി പറയുന്നു.
Also Read അച്ഛന്റെ വിവാഹേതര ബന്ധം നേരിട്ട് കാണേണ്ടിവന്നു; മകളെ കെട്ടിയിട്ട് പീഡിപ്പിച്ച് പിതാവിന്റെ പ്രതികാരം
"മുറിയിലെ കസേരയിൽ ഇരുത്തിയ ശേഷം സഹപ്രവർത്തകനെ രാധാകൃഷ്ണനും സംഘവും ക്രൂരമായി മർദ്ദിച്ചു. ഇതിനിടെ ഭർത്താവിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും രാധാകൃഷ്ണൻ അതിന് അനുവദിച്ചില്ല. ഇതിനു ശേഷം വീടിന്റെ അടുക്കളയിലും കിടപ്പുമുറികളിലും അതിക്രമിച്ചു കയറി പരിശോധന നടത്തിയ ശേഷമാണ് രാധാകൃഷ്ണനും സംഘവും മടങ്ങിയത്."
സെപ്തംബറിൽ നടന്ന പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിർ പാനലിനെ സഹായിച്ചതിന്റെ പേരിൽ പരാതിക്കാരിയുമായി തർക്കമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിക്കാരി ആരോപിക്കുന്നു.
പരാതിയുമായി ബന്ധപ്പെട്ട് പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്റെ പ്രതികരണത്തിനായി ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
