വിജയ് എന്നാണ് പിടിയിലായ കള്ളന്റെ പേര്. ഇയാള്‍ ഹേമയില്‍ നിന്ന് 70 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ മാലയാണ് തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പിടിവലിയ്ക്കിടയില്‍, ഇവര്‍ താഴെ വീണു പോയെങ്കിലും അങ്ങനെ കീഴടങ്ങാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. അവര്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നിലവിളിച്ച് ബഹളം ഉണ്ടാക്കുകയും ചെയ്തു. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടുകയും, സംഭവം നടന്ന ഇടുങ്ങിയ തെരുവില്‍ നിന്ന് വിജയ്ക്ക് രക്ഷപ്പെടാന്‍ കഴിയാതെ വരുകയുമായിരുന്നു. താമസിയാതെ, ഓടിയെത്തിയ ആളുകള്‍, കള്ളനെ പിടികൂടി മര്‍ദ്ദിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ, ഇത്രത്തോളമായിട്ടും അവന്‍ മാല അവര്‍ക്ക് തിരികെ കൊടുക്കാന്‍ തയ്യാറായിരുന്നില്ല. താന്‍ ആള്‍ക്കൂട്ടത്തിന്റെ കൈയില്‍ അകപ്പെടുന്നതിന് മുന്‍പു തന്നെ സ്വര്‍ണ്ണമാല വിഴുങ്ങിയിരുന്നു.
advertisement
പിടിയിലായ വിജയെ കെആര്‍ മാര്‍ക്കറ്റിലെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. അവിടെ നിന്ന് ഇന്‍സ്‌പെക്ടര്‍ ബിജി കുമാരസ്വാമി ഇയാളെ പരിശോധനയ്ക്കായും, മര്‍ദ്ദനത്തില്‍ ഏറ്റ പരിക്കുകള്‍ ചികിത്സിക്കുന്നതിനുമായി ആശുപത്രിയിലേക്ക് അയച്ചു. ഇയാളെ ആശുപത്രിയിലെത്തിക്കുന്നതു വരെ വിജയ് മാല എന്ത് ചെയ്തു എന്നതിനെപ്പറ്റി പോലീസിന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാര്‍ വിജയുടെ എക്‌സറേ എടുത്തപ്പോളാണ് കള്ളി വെളിച്ചത്തായത്. എക്‌സറേ ഫിലിമിലൂടെയാണ് വിജയ് മാല വിഴുങ്ങുകയായിരുന്നു എന്ന് പോലീസിന് മനസ്സിലായത്. ഇതവരെ തീര്‍ത്തും ഞെട്ടിച്ചു കളഞ്ഞിരുന്നു.
ആദ്യമൊന്നും സത്യം സമ്മതിച്ച് കൊടുക്കാന്‍ വിജയ് തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എക്‌സറേയില്‍ ദൃശ്യമായ രൂപം താന്‍ നേരത്തെ വിഴുങ്ങിയ ഒരു എല്ലിന്‍ കഷ്ണമാണന്നാണ് വിജയ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇയാള്‍ പറഞ്ഞതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. മാല വിസര്‍ജ്ജ്യത്തിലൂടെ പുറത്ത് കൊണ്ടുവരാനായിരുന്നു അവരുടെ ശ്രമം. അതിനായി ഡോക്ടര്‍മാരോട് ഇയാള്‍ക്ക് വാഴപ്പഴവും എനിമയും കൊടുക്കാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടു. പോലീസുകാരുടെ തന്ത്രം വിജയിക്കുകയും തൊണ്ടിമുതലായ സ്വര്‍ണ്ണമാല ഇയ്യാളുടെ വിസര്‍ജ്ജ്യത്തിലൂടെ പുറത്തു വരികയും ചെയ്തു. തുടര്‍ന്ന് പോലീസ് വിജയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
