കൊലപാതക കേസിനു പിന്നാലെ കുട്ടി പീഡനത്തിന് ഇരയായിരുന്നു എന്ന വിവരവും പുറത്തു വന്നതോടെ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് സമർപ്പിക്കാനാണ് സാധ്യത. കേസിൽ നിർണായക വഴിത്തിരിവുണ്ടായതോടെ കുട്ടിയുടെ അമ്മയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
കുട്ടിയുടേത് മുങ്ങിമരണം ആയിരുന്നെങ്കിലും ശരീരത്തിൽ കണ്ട പാടുകളും മുറിവുകളും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തി. ഇതിനെ തുടർന്ന്, കുട്ടിയുടെ കൊലപാതകം അന്വേഷിക്കുന്ന ചെങ്ങമനാട് പൊലീസ് ഇക്കാര്യം പുത്തൻകുരിശ് പൊലീസിനെ അറിയിച്ചതോടെ അടുത്ത ബന്ധുക്കളെ പൊലീസ് സറ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു.
advertisement
ചോദ്യം ചെയ്യലിനൊടുവിൽ സംശയം തോന്നിയ ഒരു ബന്ധുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്.
സംഭവത്തിൽ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭർതൃവീട്ടിൽ താൻ ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടി വന്നതായി മൊഴി നൽകിയിരുന്നു. റിമാൻഡിലുള്ള അമ്മയെ വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ചെങ്ങമനാട് പൊലീസ് ഇതിനായി വ്യാഴാഴ്ച കോടതിയിൽ അപേക്ഷ നൽകും.
കുട്ടിയും സഹോദരനും താമസിച്ചിരുന്നത് അച്ഛന്റെ വീട്ടിലാണ്. കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്നു താഴേക്ക് എറിഞ്ഞതായി അമ്മ സമ്മതിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുകയാണ്. ഭർതൃഗൃഹത്തിൽ നിന്നിറങ്ങിയ ശേഷം അങ്കണവാടിയിലെത്തി കുട്ടിയെ വിളിച്ച് അമ്മ മൂഴിക്കുളത്ത് എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മറ്റക്കുഴി അങ്കണവാടിയിലെത്തി കുട്ടിയെയും ഒപ്പം കൂട്ടിയാണ് അമ്മ സ്വന്തം വീട്ടിലേക്ക് പോയത്. കുട്ടിയുടെ പിതാവ് ഈ വിവരം അമ്മയുടെ വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ അമ്മ വീട്ടിലെത്തിയപ്പോൾ കുഞ്ഞ് ഒപ്പമുണ്ടായിരുന്നില്ല. കുട്ടിയെ ബസിൽവച്ചു കാണാതായെന്നു പറഞ്ഞതോടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അമ്മയുടെ പരസ്പര വിരുദ്ധമായ മൊഴിയിൽ പൊലീസിന് സംശയം തോന്നി. രാത്രി എട്ടോടെ സ്റ്റേഷനിൽ വിളിച്ചു വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്നു ചാലക്കുടി പുഴയിലേക്ക് എറിഞ്ഞതായി കുറ്റസമ്മതം നടത്തിയത്.