യുവതിയുടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. നിലവിളി പുറത്തുകേൾക്കാതിരിക്കാൻ വായിൽ തോർത്തു തിരുകി. കഴുത്തു ഞെരിച്ചു. ശ്വാസംമുട്ടിയാണ് യുവതി മരിച്ചത്. പീഡനത്തിനുശേഷം യുവതിയെ സുബ്ബയ്യൻ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ഡോക്ടർമാർ പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതി മരിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. പീഡനശ്രമം ചെറുത്ത യുവതിയെ സുബ്ബയ്യൻ മർദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ 30നു രാത്രി ഒൻപതോടെ സ്റ്റേഡിയം ബൈപാസ് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നു യുവതിയെ സുബ്ബയ്യനാണ് ഓട്ടോയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഭാര്യയാണെന്നും അസുഖം കൂടി അവശനിലയിലായതാണെന്നും സുബ്ബയൻ ഓട്ടോ ഡ്രൈവറെ ധരിപ്പിച്ചു. ഈ സമയം യുവതി അബോധാവസ്ഥയിലായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു.
advertisement
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. പൊലീസ് വരുംമുൻപു കടന്നുകളയാൻ ശ്രമിച്ച സുബ്ബയ്യനെ എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥൻ തടഞ്ഞുവച്ചു. ഭാര്യയാണെന്നാണ് പൊലീസിനോടും ആദ്യം ഇയാൾ പറഞ്ഞത്. പിന്നീടു തിരുത്തി. പരസ്പരവിരുദ്ധമായിരുന്നു മറുപടി. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഭാര്യയെ ക്രൂരമായി മർദിച്ച കേസിൽ മീനാക്ഷിപുരം പൊലീസിൽ ഇയാൾക്കെതിരെ കേസുണ്ട്. സ്റ്റേഡിയം ബൈപാസ് റോഡിൽ രാത്രി എട്ടരയോടെ യുവതി പേടിച്ചു വേഗത്തിൽ ഓടിപ്പോകുന്നതു വാഹന യാത്രക്കാർ കണ്ടിരുന്നു. യുവതിയെ പിന്തുടർന്നു വിവരം അന്വേഷിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ആക്രി പെറുക്കി ജീവിക്കുന്ന യുവതിയാണെന്നും ഇത്തരം സംഭവം സ്ഥിരമാണെന്നും വ്യാപാരികളും മറ്റും അറിയിച്ചതോടെ പോയില്ല. സുബ്ബയ്യൻ എട്ടോടെ ഈ പരിസരത്തു മദ്യപിക്കുന്നത് കച്ചവടക്കാർ ശ്രദ്ധിച്ചിരുന്നു.