കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദീപ്, സുഹൃത്തുക്കളായ പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്ദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ റീൽസ് വിഡിയോകൾ ചെയ്ത് സജീവമായ ദേവുവിനും ഗോകുല്‍ ദീപിനും നിരവധി ഫോളോവേഴ്സുണ്ട്.
എന്നാൽ ആർഭാട ജീവിതത്തെത്തുടർന്നു കടം കയറിയ ഇവർ ഒടുവിൽ പണത്തിനായി ഹണിട്രാപ്പിലേക്കു തിരിയുകയായിരുന്നു. ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാല്‍ 40,000 രൂപ കമ്മിഷന്‍ കിട്ടുമെന്നാണ് ദമ്പതികൾ പൊലീസിനു നൽകിയ മൊഴി.
advertisement
ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വീഴ്ത്താൻ രണ്ടാഴ്ച മാത്രമാണ് എടുത്തതെന്ന് പൊലീസ് പറയുന്നു.ശരത്താണ് സാമൂഹികമാധ്യമംവഴി രണ്ടാഴ്ചമുമ്പ് പരാതിക്കാരനെ പരിചയപ്പെട്ടത്. സ്ത്രീയുടെ വ്യാജ പ്രൊഫൈല്‍ തയ്യാറാക്കി ശരത് പരാതിക്കാരനുമായി അടുപ്പമുണ്ടാക്കി. പാലക്കാടാണ് വീട് എന്നാണ് പറഞ്ഞിരുന്നത്. ഇതിനായി മാത്രം, 11 മാസത്തെ കരാറിൽ ഒരു വീട് സംഘം പലക്കാട് യാക്കരയിൽ വാടകയ്ക്ക് എടുത്തു. പിന്നീട് ഫോണ്‍ചെയ്തുതുടങ്ങിയപ്പോഴാണ് ദേവുവിന്റെയും ഭര്‍ത്താവ് ഗോകുല്‍ദീപിന്റെയും സഹായംതേടിയത്. തുടർന്ന് വ്യവസായിയെ പാലക്കാടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
Also Read-ഹണി ട്രാപ്പ് തട്ടിപ്പ്: യൂട്യൂബർ ദമ്പതികളുൾപ്പടെ ആറംഗ സംഘം അറസ്റ്റിൽ
വീട്ടിൽ അമ്മമാത്രമേയുള്ളൂവെന്നും, ഭർത്താവ് വിദേശത്താണെന്നുമാണ് വ്യവസായിയോട് ഇവർ പറഞ്ഞിരുന്നത്. തുടർന്ന് യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴായിരുന്നു തട്ടിപ്പ്. വീട്ടിലെത്തിയപ്പോള്‍ ശരത്തും മറ്റുള്ളവരും സദാചാരഗുണ്ടകളെന്നമട്ടില്‍ വീട്ടിലെത്തുകയും ദേവുവിനെ മര്‍ദിക്കുന്നതായി അഭിനയിക്കുകയുംചെയ്തു. പരാതിക്കാരന്റെ കൈയിലുണ്ടായിരുന്ന നാലുപവന്‍ മാല, മൊബൈല്‍ ഫോണ്‍, ആയിരംരൂപ, എ.ടി.എം. കാര്‍ഡ്, കാര്‍ എന്നിവ തട്ടിയെടുത്തു.
തുടർന്ന് പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ കൊണ്ടുപോകാനായിരുന്നു നീക്കം. എന്നാൽ യാത്രാമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു.പിന്നീട് പാലക്കാട് എത്തി ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകി. പ്രതികൾ ഇടയ്ക്ക് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. പിന്നാലെ പ്രതികളെ കാലടിയിലെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്.