ലഹരിസംഘത്തിനായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിഡ്നാപ്പിംഗ് സംഘം കുടുങ്ങിയത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് ചെങ്കൽ ഉദിയൻകുളങ്ങരക്ക് സമീപത്തെ ആൾ പാർപ്പില്ലാത്ത വീട്ടിലെത്തിയ ഇരുചക്രവാഹനത്തെ പിന്തുടർന്നെത്തിയതായിരുന്നു ഡാൻസാഫ് അംഗങ്ങൾ. പുറത്തുനിന്ന് പൂട്ടിയിരുന്ന വീടിൻറെ അകത്ത് ഫാൻ കറങ്ങിയത് പോലീസിന് സംശയം വർധിപ്പിച്ചു. തുടർന്ന് പരിശോധന നടത്തവേയാണ് അകത്തുനിന്ന് രക്ഷിക്കണമെന്ന കരച്ചിൽ കേട്ടത്. വാതിൽ ചവുട്ടിത്തുറന്നാണ് പൊലീസ് അകത്തുകയറിയത്. കൃഷ്ണഗിരി സ്വദേശികളായ യൂസഫ്, ജാബിർ എന്നിവരെയാണ് ചങ്ങല കൊണ്ട് ബന്ധനസ്ഥരാക്കിയിരുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഓൺലൈൻ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഒരാളുടെ നിർദ്ദേശപ്രകാരം കൃഷ്ണഗിരിയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് യൂസഫും ജാബീറും എത്തിയത്. കേരള പോലീസിന്റെ വേഷം ധരിച്ച് ഇന്നോവയിൽ എത്തിയ സംഘം കേരളത്തിൽ കേസ് ഉണ്ടെന്നും എസ്പിയുടെ മുമ്പിൽ ഹാജരാക്കണമെന്നും പറഞ്ഞ് ഇവരെ വിലങ്ങണിയിച്ചു. തുടർന്ന് യാത്രയിൽ ഉടനീളം ക്രൂരമായി മർദിച്ചു. 50 ലക്ഷം രൂപ നൽകിയാൽ മാത്രമേ ഇരുവരെയും മോചിപ്പിക്കൂ എന്നു പറഞ്ഞാണ് ഉദിയൻകുളങ്ങരയിലെ വീട്ടിൽ പൂട്ടിയിട്ടത്.
advertisement
സംഭവവുമായി ബന്ധപ്പെട്ട് ഉദിയൻകുളങ്ങര സ്വദേശി സാമുവൽ തോമസ്, നെയ്യാറ്റിൻകര സ്വദേശികളായ ബിനോയ് അഗസ്റ്റിൻ, അഭിറാം, കമുകിൻകോട് സ്വദേശി വിഷ്ണു എസ് ഗോപൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ യൂബർ ടാക്സി ജീവനക്കാരനാണ് സാമുവൽ തോമസ്. ഇയാളുടെ മാതൃ സഹോദരിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ്, കേരള പോലീസിന്റെ വ്യാജ ഐഡി കാർഡുകൾ, തോക്ക്, തിര, മൊബൈൽ ഫോണുകൾ എന്നിവ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
മൾട്ടി ജിമ്മിലെ ട്രെയിനറാണ് ബിനോയ് അഗസ്റ്റിൻ. മർച്ചന്റ് നേവി ജീവനക്കാരനാണ് അഭിരാം. സാമുവൽ തോമസിൻ്റെ വീട്ടുവളപ്പിൽ നിന്ന് ഇന്നോവ കാറും ഇരുചക്ര വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് പ്രധാന പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.