ജൂൺ 24-ന് രാവിലെ 8 നും 8 :30 നും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. മസ്ജിദിന്റെ ഓഫീസ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന മുഹമ്മദ് മൻസൂറിന്റെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പള്ളിയുടെ ഫണ്ട്, മദ്രസയുടെ പണം, പുസ്തകങ്ങളുടെയും മറ്റും ഫീസ് ഇനത്തിൽ ലഭിച്ച പണം എന്നിവ ഓഫീസ് മേശയിലെ കണ്ടെയ്‌നർ ബോക്സുകളിൽ പ്രത്യേകം സൂക്ഷിച്ചിരുന്നതായി അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് മൻസൂർ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
അഞ്ച് ദിവസം കഴിഞ്ഞ് ജൂൺ 29-ന് വൈകുന്നേരം പണം എടുക്കുന്നതിനായി അലമാര തുറന്നപ്പോഴാണ് കവർച്ച നടന്ന വിവരം അധികൃതർ അറിയുന്നത്. ഓഫീസ് മുറിയിലെ മേശ വലിപ്പിൽ പ്ലാസ്റ്റിക് കണ്ടെയ്‌നറിൽ നിന്നാണ് 3,10,000 രൂപയും രണ്ട് പവൻ സ്വർണവും നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. കവർച്ച നടന്ന സമയത്ത് ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് മൻസൂർ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു.
മോഷണവിവരമറിഞ്ഞതിന് പിന്നാലെ നടത്തിയ സിസിടിവി ദൃശ്യപരിശോധനയിലാണ് മോഷ്ടാവിന്റെ ചിത്രം പോലീസിന് ലഭിച്ചത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സമീപപ്രദേശങ്ങളിലെ മറ്റ് സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്.