പൊലീസിൽനിന്ന് അനുമതി വാങ്ങാതെയാണ് ചൊവ്വാഴ്ച രാത്രിയിൽ വൻ ശബ്ദത്തിൽ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ടിനെ തുടർന്ന് സമീപവാസികളുടെ വീടുകൾക്ക് തകരാർ സംഭവിച്ചു. വെടിക്കെട്ടിന്‍റെ ശബ്ദത്തിന്‍റെ അനുരണനം നാലു കിലോമീറ്ററിൽ കൂടുതലായിരുന്നു.
ആരാധനാലയങ്ങളിലോ മറ്റോ വെടിക്കെട്ട് നടത്തുന്നതിന് ഭാരവാഹികൾ ഒരു മാസം മുമ്പ് കളക്ടറുടെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ ഓയൂർ കീഴൂട്ട് ദേവീക്ഷേത്രത്തിലെ ഭാരവാഹികൾ അനുമതി വാങ്ങാതെയാണ് വെടിക്കെട്ട് നടത്തിയതെന്ന് പൂയപ്പള്ളി സിഐ ബിജു എസ്.ടി പറഞ്ഞു. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിനുശേഷം ക്ഷേത്രങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് കർശന നിയന്ത്രണവും നിരോധനവുമുണ്ട്.
advertisement
ഓയൂർ കീഴൂട്ട് ക്ഷേത്രത്തിലെ ഉൽസവ നോട്ടീസിൽ ആകാശദീപക്കാഴ്ച എന്നാണ് പരാമർശിച്ചിരുന്നത്. താരതമ്യേന സ്ഫോടകശേഷി കുറഞ്ഞ പടക്കം ഉപയോഗിച്ചാണ് ആകാശദീപക്കാഴ്ച നടത്തുന്നത്. ഉയർന്ന ശബ്ദത്തേക്കാൾ, ആകർഷകമായ പ്രകാശമാണ് ഇത്തരം പടക്കങ്ങളുടെ പ്രത്യേകത. പുറ്റിങ്ങൽ അപകടത്തിന് ശേഷം ക്ഷേത്രങ്ങളിൽ വെടിക്കെട്ടിന് പകരം ആകാശദീപക്കാഴ്ചയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഉഗ്ര സ്ഫോടകശേഷിയുള്ള വെടിമരുന്നാണ് ഓയൂർ ക്ഷേത്രത്തിൽ ഉപയോഗിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
Also Read- ജനൽ തുറന്നിട്ട് ഉറങ്ങുന്നവരെ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തുന്ന ‘പരുന്ത് പ്രാഞ്ചി’ പിടിയിൽ
ഉൽസവത്തിന്‍റെ ഭാഗമായി വെടിക്കെട്ട് സ്പോൺസർ ചെയ്തവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പത്ത് പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ലൈസൻസുള്ള കടയിൽനിന്നാണോ സ്ഫോടകവസ്തുക്കൾ വാങ്ങിയതെന്ന പരിശോധനയും പൊലീസ് നടത്തുന്നുണ്ട്. ഒളിവിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.