പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായുണ്ടായ കോൺഗ്രസ്-സി.പി.എം തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധി തവണ ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കഴിഞ്ഞദിവസം ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. കേസിൽ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളും ഇന്നലത്തെ കൊലപാതകത്തിലുൾപ്പെട്ടതായാണ് പൊലീസ് പറയുന്നത്. കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംഭവസമയത്ത് ഇരുവർക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന എസ്എഫ്ഐ തേമ്പാമുട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നൽകി. രാത്രി 11.30 ന് ഹഖ് മുഹമ്മദിനെ വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.
advertisement
ആക്രമികളെത്തിയ ബൈക്കിന്റെ ഉടമ നജീബും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. ഹക് മുഹമ്മദ് സി.പി.എം കലിങ്ങിൽ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മിഥി രാജ് ഡി.വൈ.എഫ്.ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയാണ്.
കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എ. റഹീം ആരോപിച്ചു. ആറു പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. സജീവ് എന്ന കോൺഗ്രസുകാരന്റെ നേത്യത്വത്തിലായിരുന്നു കൊലപാതകമെന്നും റഹീം ആരോപിച്ചു.