ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിൽ പ്രതികളാണ്. ഈ അവസ്ഥയിൽ അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ചിന് പരിമിതികൾ ഉണ്ട്. യാഥാർത്ഥ പ്രതികൾ പലരും ഇപ്പോഴും പിടിയിലായില്ലെന്നും സി ബി ഐ അന്വേഷണം അനിവാര്യമാണെന്നും യാക്കൂബ് പുതിയപുരയിൽ നല്കിയ പരാതിയിൽ പറയുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വെള്ളപൂശി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിറകെ ആണ് പരാതിക്കാരുടെ നീക്കം. ഐജി ലക്ഷ്മണ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് അനുകൂലമാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്.
അതേ സമയം പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സർവീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ഐ.ജി ജി ലക്ഷ്മണയെ തിരിച്ചെടുക്കാന്‍ നീക്കം ആരംഭിച്ചു. ഐ.ജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ നവംബര്‍ പത്തിന് ഐ.ജി ലക്ഷ്മണയെ സർവീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
advertisement
സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഐ.ജി ലക്ഷ്മണയുടെ അതിഥിയായി മോൻസൺ പൊലീസ് ക്ലബിലും തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ഐ.ജി ലക്ഷ്മണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.
എന്നാല്‍ ലക്ഷ്മണക്കെതിരെ തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്ത് രണ്ട് മാസത്തിനകം ലക്ഷ്മണയെ സർവീസില്‍ തിരിച്ചെടുക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആംഭിച്ചത്. ഐ.ജി ലക്ഷ്മണയുടെ സസ്പെൻഷൻ പുനപരിശോധിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ ചുമതലപ്പെടുത്തിട്ടുണ്ട്.
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് രജിസ്ടർ ചെയ്ത സാമ്പത്തിക ഇടപാട് കേസിൽ മുൻ ഡി ഐ ജി എസ് സുരേന്ദ്രനെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിൽ വിളിച്ചു വരുത്തി നാലു മണിക്കൂറോളമാണ് എസ് സുരേന്ദ്രനെ ചോദ്യം ചെയ്തത്. സുരേന്ദ്രന്റെ തൃശ്ശൂരിലെ ക്വാർട്ടേഴ്സിൽ വെച്ച് മോൻസന് ഇരുപത്തി അഞ്ച് ലക്ഷം രൂപ കൈമാറിയെന്നായിരുന്നു കേസിലെ പരാതിക്കാരിലൊരാളായ യാക്കൂബിന്റെ വെളിപ്പെടുത്തൽ. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ മൊഴി ഇഡി നേരത്തെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ.
കൊച്ചിയിൽ കമ്മീഷണർ ആയിരിക്കുമ്പോൾ ആണ് മോൺസണെ പരിചയമെന്നും ആ സമയത്ത് ഇയാൾക്കെതിരെ കേസുകളൊന്നും ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രൻ നേരത്തെ മേലുദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ മോൺസണുമായി സുരേന്ദ്രന് അടുത്ത ബന്ധം ആണെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി തെളിവുകൾ പുറത്ത് വന്നിരുന്നു.