ഈ യുവാവായിരുന്നു കോട്ടയത്തു നിന്നും യുവതിയെ വെമ്പായത്ത് എത്തിച്ചത്. ഇതൊന്നും അറിയാതെയാണ് യുവാവ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത്. പതിനൊന്നാമത്തെ വിവാഹം കഴിക്കാനിരിക്കെയാണ് യുവതി പിടിയിലാകുന്നത്. രേഷ്മ രണ്ടു പേരെ കൂടി കുരുക്കാൻ കെണിയൊരുക്കിയിരുന്നതായുള്ള സൂചനകളുമുണ്ട്.
രേഷ്മ വിവാഹം കഴിച്ച മറ്റൊരു ഭര്‍ത്താവിന്‍റെ വീട്ടിൽ വെച്ചായിരുന്നു കോട്ടയം സ്വദേശിയായ യുവാവിനെ പെണ്ണുകണ്ടത്. പിഎച്ച്ഡി പൂര്‍ത്തിയാക്കാൻ തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആര്യനാട് സ്വദേശിയെ വിവാഹം കഴിക്കാൻ രേഷ്മ പോയത്. കോട്ടയം സ്വദേശി വാങ്ങിയ സ്വര്‍ണതാലിയും കൈക്കലാക്കിയാണ് രേഷ്മ ആര്യനാട് പോയത്.
advertisement
പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാര്‍ഡ് അംഗവും ഭാര്യയും ചേര്‍ന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറം ലോകത്തെ അറിയിച്ചത്. പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്താണ് പ്രതിശ്രുത വരൻ ബാഗിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തിരുന്നു.
2014ലാണ് രേഷ്മയുടെ ആദ്യ വിവാഹം നടന്നത്. 2022 മുതൽ വിവിധ ജില്ലകളിലായി ആറ് പേരെ കല്യാണം കഴിച്ചു. അനാഥയാണെന്ന ഒരേ കഥയാണ് എല്ലാവരോടും രേഷ്മ പറഞ്ഞത്. വിവാഹം കഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ അവിടെ നിന്ന് മുങ്ങും. രണ്ട് വയസുള്ള കുട്ടിയുണ്ട് രേഷ്മയ്ക്ക്. സ്നേഹം തേടിയായിരുന്നു തുടരെ തുടരെ വിവാഹം കഴിച്ചതെന്നാണ് രേഷ്മ പൊലീസിന് നൽകിയ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്വർണവും പണവും തട്ടലായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ സംശയം. വിവാഹത്തട്ടിപ്പിനിരയായവരെ കണ്ടെത്തി വിവരം തേടാനുള്ള ശ്രമത്തിലാണ് പൊലീസ്.