അലിഗഡ് നിവാസിയായ യൂസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ഇദ്ദേഹത്തെ തിരിച്ചറിയാതിരിക്കാനും തെളിവ് നശിപ്പിക്കാനുമായി പ്രതികള്‍ മൃതദേഹം ആസിഡ് ഒഴിച്ചു കത്തിച്ചു. യൂസഫിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവരുന്നത്.
മാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളിയായിരുന്ന യൂസഫ് ജൂലായ് 29-ന് പതിവുപോലെ ജോലിക്ക് പോയിരുന്നുവെന്ന് പിതാവ് ഭുരെ ഖാന്‍ പറഞ്ഞു. എന്നാല്‍ അന്ന് വൈകുന്നേരം അയാള്‍ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. വീട്ടുകാര്‍ ദിവസങ്ങളോളം അന്വേഷിച്ചെങ്കിലും യൂസഫിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് ഛാറ പോലീസ് സ്‌റ്റേഷനില്‍ അദ്ദേഹത്തെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കി.
advertisement
കുറച്ചുദിവസങ്ങള്‍ക്കുശേഷം കാസ്ഗഞ്ച് ജില്ലയിലെ ധോള്‍ന പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും ഇഷ്ടിക ചൂളയ്ക്കു സമീപം ഗുരുതരമായി കത്തിക്കരിഞ്ഞ നിലയില്‍ പോലീസ് ഒരു മൃതദേഹം കണ്ടെത്തി. ആസിഡ് ഒഴിച്ച് കത്തിച്ച മൃതദേഹം അഴുകി, പുഴുക്കള്‍വന്ന നിലയിലായിരുന്നു. ഇതുകാരണം ആളെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. തുടരന്വേഷണത്തിലാണ് മൃദേഹം യൂസഫിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
യൂസഫിന്റെ ഭാര്യ തബസുമും കാമുകനായ ഡാനിഷും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കൈകളും കാലുകളും കെട്ടിയിട്ട് വയറുകീറിയാണ് പ്രതികള്‍ യൂസഫിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം മണ്ണിലിട്ട് ആസിഡ് ഒഴിച്ച് കത്തിച്ചു.
സംഭവത്തില്‍ യൂസഫിന്റെ ഭാര്യ തബസുമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിപ്പോള്‍ ജയിലിലാണ്. ഡാനിഷും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഒളിവിലാണ്. ഇവരുടെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിലാണ് പോലീസ് സംഘം. ഡിഎസ്പി ധനഞ്ജയ് സിംഗ് കൊലപാതകം സ്ഥിരീകരിച്ചു. കുറ്റകൃത്യം ക്രൂരവും ഞെട്ടിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.
കുറ്റകൃത്യത്തിന്റെ ഭീകരത പ്രദേശവാസികളില്‍ ഭയവും രോഷവും സൃഷ്ടിച്ചു. എല്ലാ പ്രതികള്‍ക്കും കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Summary: Wife and boyfriend in Uttar Pradesh kills husband using acid